മൂലമറ്റം : സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴേക്കുതന്നെ. വേനൽമഴ അരംഭിച്ചെങ്കിലും കാര്യമായി ശക്തിയാർജിക്കാത്തതിനാൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. മേയ് ഒന്നിന് സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് ഡാമുകളിൽ എല്ലാംകൂടി ശേഷിച്ചിരുന്നത് 1401.48 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്. ഇത് പൂർണ സംഭരണശേഷിയുടെ 34 ശതമാനമാണ്. എന്നാൽ ഞായറാഴ്ച ആയപ്പോഴേക്കും ഇത് കുറഞ്ഞ് 29 ശതമാനത്തിലേക്ക് എത്തി. മഴ ശക്തമല്ലാത്തതുമൂലം ഡാമുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മേയ് ഒന്ന് മുതൽ 14 വരെ 104.30 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, 84.56 ദശലക്ഷം യൂനിറ്റിനുള്ള ജലമേ ഒഴുകിയെത്തിയിട്ടുള്ളൂ. വേനൽച്ചൂട് പിന്നെയും വർധിച്ചതോടെ വൈദ്യുതി ഉൽപാദനവും ഉയർന്ന നിലയിലാണ്.
സംസ്ഥാനത്ത് ഞായറാഴ്ച 87.43 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 21.12 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 66.30 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. പ്രതിദിനം ശരാശരി 23.12 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തെ ഡാമുകളിലെ ജലം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് ഡാമുകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നാല് ശതമാനം ജലം കുറവാണ്. കഴിഞ്ഞവർഷം ഇതേസമയം 1362.41 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് അവശേഷിച്ചിരുന്നത്. നിലവിൽ 1189.54 ദശലക്ഷം യൂനിറ്റിനുള്ള ജലം മാത്രമേ ശേഷിക്കുന്നുള്ളൂ.
0 Comments