കോട്ടയം : കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കൂടുതല്‍ ജാഗ്രതയോടെയുള്ള നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം അഞ്ചലിലും എരുമേലിയിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു.
മരിച്ച ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. തോമസ് തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി. ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുേമ്പാള്‍ വര്‍ഗീസിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു.
0 Comments