പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളനട കിഴക്കേ ഇടവട്ടം സേതു (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 22 നാണ് കേസിന് ആസ്പദമായ സംഭവം.
റോഡിലൂടെ നടന്നുപോയ കുട്ടിയോട് റോഡരികിലിരുന്ന പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, കുട്ടി തിരിച്ചു വീട്ടിലേക്ക് വരും വരെ കാത്തിരുന്ന് വീണ്ടും ഇത്തരത്തില്‍ സംസാരിച്ചുകൊണ്ട് അതിക്രമത്തിന് മുതിരുകയും ചെയ്തു എന്നാണ് കേസ്.
അടിപിടി, കഞ്ചാവ് ഉപയോഗം, പൊതുശല്യമുണ്ടാക്കുക തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവശേഷം വീടുവിട്ട് ഒളിച്ചുമാറി താമസിക്കുകയായിരുന്നു. അടൂര്‍ ഡി വൈ എസ് പി ആര് ജയരാജിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ എസ് ഐ കെ ആര് രാജേഷ്കുമാര്‍, സി പി ഓമാരായ എസ് അന്‍വര്‍ഷ, സുരേഷ് എന്നിവരാണ് ഉള്ളത്.
0 Comments