വഖഫ് സ്ഥാപനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൈമാറിയ നഷ്ടപരിഹാര തുക തൃശൂരിലുള്ള സ്വകാര്യ ബാങ്ക് ശാഖയില്‍ നിക്ഷേപിച്ചത് തുക അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് വിവരം. ദേശീയപാതാ വികസനത്തിന് വിട്ടുനല്‍കിയ 68 സ്ഥാപനങ്ങള്‍ക്ക് ലഭിച്ച 104.87 കോടി രൂപയാണ് തൃശൂര്‍ ജില്ലയിലുള്ള സ്വകാര്യ ബാങ്കിലാണ് വഖഫ് ബോര്‍ഡ് സ്ഥിരനിക്ഷേപമായിട്ടത്.
എറണാകുളം കലൂരില്‍ വഖഫ് ബോര്‍ഡ് ആസ്ഥാനത്തിന് തൊട്ടരികെ തന്നെയുള്ള സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടുണ്ടായിരിക്കെ 72 കിലോമീറ്റര്‍ ദൂരത്തുള്ള സ്വകാര്യബാങ്ക് ശാഖയിലേക്ക് മാറ്റിയത് സംബന്ധിച്ച് വഖഫ് ബോര്‍ഡ് യോഗത്തിലും ചര്‍ച്ച ചെയ്തിരുന്നില്ല. ഇത് ചട്ടവിരുദ്ധ നടപടിയാണെന്ന് കാണിച്ച് പി.വി അബ്ദുല്‍വഹാബ് എം.പി, പി.ഉബൈദുല്ല എം.എല്‍.എ, എം.സി. മായിന്‍ ഹാജി, അഡ്വ.പി.വി. സൈനുദ്ദീന്‍ എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഇന്നലെ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നായിരുന്നു സൂചന. എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയുണ്ടായില്ല. അടുത്ത മാസം ആദ്യം ആഴ്ചയില്‍ നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നേക്കും.
2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ 68 വഖഫുകള്‍ക്ക് നഷ്ടപരിഹാരമായി 104.87 കോടി രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഈ തുകയാണ് സ്വകാര്യ ബാങ്കിന്റെ തൃശൂര്‍ മണ്ണുത്തിയിലെ ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് ശേഷവും ബോര്‍ഡിലേക്ക് എത്തിയ തുകയും ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
വഖഫ് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയാല്‍ ഇതിനുള്ള നഷ്ടപരിഹാര തുക വഖഫ് ബോര്‍ഡിന് നേരിട്ടാണ് ദേശീയപാത അതോറിറ്റി കൈമാറുക. ഈ തുക അതത് സ്ഥാപനങ്ങളുടെയും വഖഫ് ബോര്‍ഡിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ഇതിന് സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അറിവും സമ്മതവും വേണമെന്നാണ് ചട്ടം. ഈ നടപടിക്രമങ്ങളിലടക്കം വെള്ളം ചേര്‍ത്താണ് സ്വാകാര്യബാങ്കില്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. സ്വകാര്യബാങ്കിനെ സഹായിക്കുന്ന തരത്തില്‍ നടന്ന നീക്കം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും പരാതി ഉന്നയിക്കപ്പെട്ടാല്‍ വിജിലന്‍സ് അന്വേഷണം അടക്കം നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
0 Comments