banner

പിബി അംഗമായിരുന്ന ബാലാനന്ദന്റെ പ്രിയതമ വിടവാങ്ങി!, 1968ൽ ജോലി രാജിവച്ച് സജീവരാഷ്‌ട്രീയത്തിലിറങ്ങി, 2009ൽ സഖാവിന്റെ മരണം വരെ നിഴലെന്ന പോലെ ഒപ്പം, സിപിഎം നേതാവ് സരോജിനി ബാലാനന്ദൻ ഇനി ഓർമ്മ


കൊച്ചി : സിപിഎം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. 2009-ല്‍ ഇ.ബാലാനന്ദന്‍ മരിക്കും വരെ സഖാവിന്റെ നിഴലുപോലെ ഒപ്പമുണ്ടായിരുന്നു. ദീർഘകാലം പാർട്ടിയുടെ സംസ്‌ഥാന സമിതി അംഗമായിരുന്നു. വടക്കൻ പറവൂരിൽ മകള്‍ സുലേഖയുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

ദീർഘകാലം കളമശേരി പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സരോജിനി ബാലാനന്ദൻ, . 2012ൽ സിപിഎം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കി. സംസ്‌ഥാന സമിതിയിൽനിന്ന് ഒഴിവായപ്പോൾ വികാരാധീനയായി പൊട്ടിക്കരഞ്ഞത് വാർത്തയായിരുന്നു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിൽനിന്നു സിപിഎം സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്നത്തെ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ കെ. മുഹമ്മദാലിയോടാണ് പരാജയപ്പെട്ടത്.

കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിലെ മാതൃകാദമ്പതികളായിരുന്നു ബാലാനന്ദനും സരോജിനിയും. സിപിഎം പിബി അംഗമായിരുന്ന ഇ. ബാലാനന്ദനെ വിവാഹം കഴിച്ചതോടെയാണു പാർട്ടി കുടുംബത്തിൽ സരോജിനി അംഗമാകുന്നത്. ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ വന്ന 1957ലാണ് ഇരുവരും വിവാഹിതരായത്. ബാലാനന്ദന്റെ അമ്മയുടെ ബന്ധത്തിലുള്ള അമ്മാവനായ കേശവൻ വൈദ്യന്റെ മകളാണു സരോജിനി.

കല്യാണസമയത്തു കൊല്ലത്ത് വിമൻസ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുകയായിരുന്നു അവർ. വിവാഹശേഷം കുറെക്കാലം ആലുവ അശോക ടെക്‌സ്‌റ്റൈൽസിലെ സഹകരണസംഘത്തിൽ ക്ലാർക്കായി ജോലിചെയ്‌തിരുന്നു. 1968ൽ ജോലി രാജിവച്ച് സരോജിനി സജീവരാഷ്‌ട്രീയത്തിലിറങ്ങി. 1978ൽ സിപിഎം ഏരിയാ കമ്മിറ്റി അംഗമായി. തുടർന്ന് കളമശേരി പഞ്ചായത്ത് പ്രസിഡന്റും പാർട്ടി സംസ്‌ഥാന കമ്മിറ്റി അംഗവുമായി. സരോജിനി ബാലാനന്ദന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Post a Comment

0 Comments