banner

പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവം!, മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി


കാസര്‍ഗോഡ് കുമ്പളയില്‍ പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ഇന്നലെ തന്നെ കാസര്‍ഗോഡ് ഡി.വൈ.എസ്.പി അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്‌ഐ രജിത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്.

പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് . പൊലീസ് കിലോമീറ്ററുകളോളം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ചെയ്‌സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.

മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്‌പെന്റ് ചെയ്യണം. നേരത്തെയും കാസര്‍കോട്ടെ പൊലീസുകാര്‍ക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്‌റഫ് എംഎല്‍എയും ആവശ്യപ്പെട്ടു. പേരാല്‍ കണ്ണുര്‍ കുന്നിലിലെ അബ്ദുല്ലയുടെ മകന്‍ ഫര്‍ഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗര്‍ ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറായിരുന്നു അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ക്ക് ശേഷം മടങ്ങിയ വിദ്യാര്‍ഥികളുടെ കാര്‍ കുമ്പള പൊലീസ് പരിശോധനക്കായി നിര്‍ത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്.

അമിത വേഗതയിലെത്തിയ കാര്‍ മതില്‍ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുന്‍ സീറ്റില്‍ ഇരുന്ന ഫര്‍ഹാസിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

0 Comments