ആലപ്പുഴ : മാന്നാറിൽ എണ്ണയ്കാട്ട് അടച്ചിട്ടിരുന്നവീട്ടിൽ മോഷണത്തിനു ശ്രമിച്ച യുവതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായാകുമാരി (36) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾകൂടിയുണ്ടെന്നാണു വിവരം. ബുധനൂർ പഞ്ചായത്ത് പതിനൊന്നാംവാർഡ് ശ്രീവാണി ഭവനത്തിൽ വിജയൻ നായരുടെ വീട്ടിലാണ് തിങ്കളാഴ്ച മോഷണശ്രമം നടന്നത്.
ഈസമയം വഴിയാത്രക്കാർ വരുന്നതുകണ്ട മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടിരുന്നു. ഉടൻതന്നെ വഴിയാത്രക്കാരും പ്രദേശവാസികളും ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മോഷ്ടാക്കൾവന്ന ഇരുചക്ര വാഹനവും വീടിന്റെ വാതിലുകൾ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പി, പാര തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ പിടികൂടിയത്. ഇവർ ഉപേക്ഷിച്ച സ്‌കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
വീട്ടുടമയും കുടുംബവും കുറച്ചുദിവസങ്ങളായി മകനോടൊപ്പം മുംബൈയിലാണ്. ഇതു നിരീക്ഷിച്ച ശേഷമാണ് മോഷണശ്രമം എന്നാണു സംശയം. പ്രതിയായ മായാകുമാരിക്ക് വീയപുരം, ഹരിപ്പാട് സ്റ്റേഷനുകളിൽ നിലവിൽ മോഷണവുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ഒരുവർഷം മുൻപ് പള്ളിപ്പാട്ട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽനിന്ന് ലക്ഷം രൂപയും സ്വർണവും കവർന്ന കേസിലെ പ്രതിയാണ് മായാകുമാരി.
മാന്നാർ പോലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ. ബിജുക്കുട്ടൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സ്വർണരേഖ സിവിൽ പോലീസ് ഓഫീസർമാരായ സാജിദ്, നിസാം, ഹരിപ്രസാദ്, ശ്രീകുമാർ, ദിനീഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
0 Comments