banner

കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ പെൺ സുഹൃത്തിന്റെ അക്രമം!, വരനും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചു പേർ ആശുപത്രിയിൽ, വിവാഹത്തില്‍ നിന്ന് വധുവിന്റെ വീട്ടുകാര്‍ പിന്‍മാറി


മലപ്പുറം : ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്റെ വീട്ടില്‍ക്കയറി മുന്‍ വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്‍ വരനെയും ബന്ധുക്കളെയും ആക്രമിച്ചു. ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍. ഇതോടെ ഇന്നു നടക്കേണ്ട വിവാഹത്തില്‍നിന്ന് വധുവിന്റെ വീട്ടുകാര്‍ പിന്മാറി. ആക്രമണത്തില്‍ പരുക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചു പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേലേ മാന്തടം സ്വദേശി എടപ്പാള്‍ തട്ടാന്‍പടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. പഠനകാലത്തുള്ള സൗഹൃദം ഒരു വര്‍ഷം മുന്‍പ് പുതുക്കിയതായിരുന്നു. യുവതി അഞ്ച് വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നല്‍കിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി, സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേര്‍ക്കുമൊപ്പം എത്തി അക്രമം നടത്തിയത്. വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകര്‍ത്തെന്ന് വരന്റെ വീട്ടുകാര്‍ പറയുന്നു.

സംഭവം വിവാദമായതോടെ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. വിവാഹത്തിനായി ഇരുവീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. തങ്ങളെ യുവാവിന്റെ വീട്ടുകാര്‍ ആക്രമിച്ചെന്നു പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

Post a Comment

0 Comments