banner

തലയുയർത്തി ഇന്ത്യ!, വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങി, ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യം, ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം


ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വിജയകരം. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഐഎസ്ആര്‍ഒ. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള പരീക്ഷണം  വിജയകരം. ചന്ദ്രയാന്‍ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തപ്പോള്‍  വിജയിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം കൂടിയാണ്. പരാജയം വിജയത്തിന്റെ ചവിട്ടുപടിയെന്ന പ്രയോഗം അന്വര്‍ഥമാക്കുന്നതാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിജയം. വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിങ് തത്മസയം വെർച്വലായി കണ്ടു. സഹപ്രവര്‍ത്തകരെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഇ സോമനാഥ് അഭിനന്ദിച്ചു.


അവസാന സെക്കന്‍ഡില്‍ കൈവിട്ടുപോയ ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇസ്റോ ചന്ദ്രയാന്‍ മൂന്നൊരുക്കിയത്. ഒരര്‍ഥത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ച തന്നെയാണ് ഇന്ന് ചന്ദ്രനില്‍ പറന്നിറങ്ങിയ ചന്ദ്രയാന്റെ മൂന്നാം പതിപ്പ്.  വിജയത്തിനടത്തുവരെയെത്തിയതാണ് ചന്ദ്രയാന്‍ 2, പക്ഷേ ഒടുവില്‍ വീണു. ആ വീഴ്ചയില്‍ നിന്ന് പലതും പഠിച്ചും തിരിച്ചടികള്‍ തിരുത്തിയുമാണ് ചന്ദ്രയാന്‍ മൂന്ന് ചരിത്രം രചിച്ചത്. 


ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് ലാൻഡറിനെ എത്തിക്കുന്നതായിരുന്നു ദൗത്യത്തിലെ ആദ്യപടി. അവിടെവച്ച് പവേഡ് ബ്രേക്കിങ് ഘട്ടത്തിലേക്ക് എത്തി നാല് ത്രസ്റ്റർ എൻജിനുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചു. റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരം, വിപരീത ദിശയിലേക്ക് റോക്കറ്റ് പ്രവർത്തിച്ചു. അതോടെ ലാൻഡറിന്റെ വേഗം കുറഞ്ഞു. പതിയെപ്പതിയെ ഇത്തരത്തിൽ വേഗം കുറച്ചുകൊണ്ടു വന്നു.


ചന്ദ്രന്റെ ഗുരുത്വാകർഷണബലം അതിന്റെ എല്ലാ ശക്തിയോടെയും പേടകത്തിനു നേരെ പ്രയോഗിക്കപ്പെട്ടത് ഈ സമയത്താണ്. എന്നാൽ എൻജിനുകൾ കൃത്യമായ ആനുപാതത്തിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചുകൊണ്ടേയിരുന്നു. അതുവരെ ചന്ദ്രോപരിതലത്തിനു തിരശ്ചീനമായി സ‍ഞ്ചരിച്ചിരുന്ന പേടകം ഇതിനോടകം ലംബമായി സഞ്ചരിക്കാൻ ആരംഭിച്ചു. ഈ ഒരു ഘട്ടത്തിലായിരുന്നു ചന്ദ്രയാൻ 2 പാളിയതും നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കിയതും. അതിനാൽത്തന്നെ അതീവസൂക്ഷ്മതയോടെയായിരുന്നു ഇത്തവണ വേഗനിയന്ത്രണം.

6.8 കിലോമീറ്റർ ഉയരത്തിലേക്കു പേടകത്തെ എത്തിച്ചതോടെ രണ്ട് എൻജിനുകളുടെ പ്രവർത്തനം നിർത്തിവച്ചു. നിയന്ത്രണം നഷ്ടപ്പെടാതെ താഴേക്ക് പതിയെപ്പതിയെ പേടകം വരാൻ തുടങ്ങി. ചന്ദ്രോപരിതലത്തിന് 150–100 മീറ്റർ ഉയരെ വരെയെത്തി. അവിടെവച്ചാണ് ചന്ദ്രോപരിതലം സ്കാൻ ചെയ്യാനുള്ള ക്യാമറകളും സെൻസറുകളും പ്രവർത്തിക്കാൻ തുടങ്ങിയത്. ലാൻഡിങ്ങിനായുള്ള സ്ഥലത്ത് എന്തെങ്കിലും തടസ്സങ്ങളോ കുന്നോ കുഴിയോ ചെരിവോ ഉണ്ടോയെന്നെല്ലാം പരിശോധിച്ചു. സുരക്ഷിതമായ ലാൻഡിങ് സ്ഥലം കണ്ടെത്തി അവിടേക്ക് നാലു കാലിൽ സോഫ്റ്റ് ലാൻഡിങ് നടത്തുകയായിരുന്നു. ഇതോടെ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ചരിത്രം കുറിച്ചു.

Post a Comment

0 Comments