കൊല്ലം : അമിത പലിശയ്ക്ക് പണം നൽകുന്നവരെ കുടുക്കാൻ പരിശോധന ശക്തമാക്കി സിറ്റി പൊലീസ്. ഇങ്ങനെ പണം നൽകിയ 53 പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്‌റ്റേഷൻ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി.
കൊല്ലം സബ്ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന. ചാത്തന്നൂർ സബ്ഡിവിഷൻ പരിധിയിലെ നാല് സ്‌റ്റേഷനുകളിലായി 13 പരിശോധനകളും കരുനാഗപ്പള്ളി സബ്ഡിവിഷനിലെ നാല് സ്‌റ്റേഷനുകളിലായി 19 സ്ഥലങ്ങളിലും പരിശോധന നടത്തി. വിലയാധാരത്തിന്റെ കോപ്പികളും മുദ്രപ്പത്രങ്ങളും പണയമായി സ്വീകരിച്ച ആർ.സി ബുക്കുകളും വിവിധ ബാങ്കുകളിലെ ബ്ലാങ്ക് ചെക്കുകളും റവന്യു സ്റ്റമ്പ് ഒട്ടിച്ച് ഒപ്പുവെച്ച വെള്ളക്കടലാസുകളും പറ്റ് ബുക്കുകളും വിവിധ സഹകരണ ബാങ്കുകളുലെ ചിട്ടി ബുക്കുകളും പൊലീസ് പിടിച്ചെടുത്തു.അമിത പലിശ ഈടക്കി പണം നൽകുന്നവർക്കെതിരെ ലഭിച്ച പരാതികളുടെയും പൊലീസ് ശേഖരിച്ച രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സിറ്റി പരിധിയിലെ എല്ലാ സ്റ്റേഷനുകളിലും പരിശോധന നടത്തിയത്. ഇത്തരക്കാർക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
0 Comments