ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. യാത്രയ്ക്കിടെ ആദിത്യ എല്‍ 1 എടുത്ത സെല്‍ഫിയാണ് ഏറ്റവും ഒടുവില്‍ ഐഎസ്ആര്‍ഒ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതൊടൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങളും ആദിത്യ എല്‍ വണ്‍ പകര്‍ത്തി. ഇവയും സാമൂഹിക മാധ്യമമായ എക്സിലൂടെ ഐ.എസ്.ആര്‍.ഒ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദിത്യ പകര്‍ത്തിയ സെല്‍ഫിയില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‍കോപ്പും (എസ്.യു.ഐ.ടി) വ്യക്തമായി കാണാം. സൂര്യന്റെ വിവിധ പ്രത്യേകതകള്‍ പഠിക്കാനായി ആദിത്യ എല്‍ വണ്ണില്‍ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ്, ഐഎസ്ആര്‍ഒയും ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും സംയുക്തമായി നിര്‍മിച്ചതാണ്. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‍കോപ്പ് ആവട്ടെ, പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്‍ട്രോണമി ആന്റ് ആസ്‍ട്രോഫിസിക്സ് വികസിപ്പിച്ചെടുത്തതാണ്.
ഇവയ്ക്ക് പുറമെ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റ് (ASPEX), പ്ലാസ്മ അനലൈസന്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA), സോളാര്‍ ലോഎനര്‍ജി എക്സ്റേ സ്‍പെക്ട്റോമീറ്റര്‍ (SoLEXS), ഹൈ എനര്‍ജി എല്‍ 1 ഓര്‍ബിറ്റിങ് എക്സ് റേ സ്‍പെക്ട്രോമീറ്റര്‍ (HEL10S) എന്നിങ്ങനെയുള്ള പ്ലേ ലോഡുകളും ആദിത്യ എല്‍ വണ്ണിലുണ്ട്.
ഇതിനോടകം രണ്ട് തവണാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും ഭ്രമണപഥം ഉയര്‍ത്തി. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തും. അതിന് ശേഷമാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക.
0 Comments