തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രമവിരുദ്ധ വായ്പകളുടെ രേഖകള്‍ കണ്ടെത്തിയതായി ഇ ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വായ്പകള്‍ വേണ്ടത്ര പരിശോധനകള്‍ നടത്താതെയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും കണ്ടെത്തലുണ്ട്. കരുവന്നൂർ കേസിൽ പി പി കിരണിനേയും സതീഷ് കുമാറിനെയും കഴിഞ്ഞ ദിവസം ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇ ഡി കേസിൻ്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം എ സി മൊയ്തീന്‍ ഈ മാസം 11ന് ഹാജരാവണമെന്ന് ഇഡി നോട്ടീസ് നല്‍കി. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇഡി, എ സി മൊയ്തീന് നോട്ടീസ് നല്‍കുന്നത്.
വായ്പക്കാരന്‍ ആരെന്ന് അറിയാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ ഉള്ളതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്‍കി. അതും ഒരേ രേഖകളില്‍ ഒന്നിലധികം വായ്പ നല്‍കി. പി പി കിരണ്‍ അംഗത്വം നേടിയത് ബാങ്ക് ബൈ ലോ മറികടന്നാണ്. പി സതീഷ് കുമാര്‍ അനധികൃത പണമിടപാട് നടത്തി. കുറ്റകൃത്യത്തില്‍ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
പി പി കിരണ്‍ 48.57 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയെന്നും ഇഡി വ്യക്തമാക്കുന്നു. പ്രതികളെ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്റെയും ബിനാമികളെന്ന് ആരോപിക്കുന്നവരുടെയും വീട്ടില്‍ കഴിഞ്ഞ മാസം 22 നാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസി മൊയ്തീന് രണ്ട് തവണ ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. എസി മൊയ്തീനുമായി അടുപ്പമുള്ള പലരേയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.
0 Comments