banner

കെഎസ്ആർടിസി ബസിൽ വിദ്യാർഥിക്ക് ടിക്കറ്റിൻ്റെ ബാലൻസ് നൽകിയില്ല!, പതിനാലുകാരി വീട്ടിലേക്ക് നടന്നത് 12 കിലോമീറ്റർ, കേസ് പിൻവലിച്ചതെന്ന് പൊലീസ്

തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസിൽ ടിക്കറ്റിൻ്റെ ബാക്കി പണം നൽകാത്തതിനെ തുടർന്ന് കയ്യിൽ പണം ഇല്ലാതെ സ്കൂൾ വിദ്യാർത്ഥിനി 12 കിലോമീറ്റർ ന‌ടന്നതായി പരാതി. ആട്ടുകാൽ സ്വദേശി അഖിലേഷിൻ്റെ മകൾ അനശ്വരയാണ് 12 കിലോ മീറ്റർ നടന്നത്. 18 രൂപ ടിക്കറ്റിന് 100 രൂപ നൽകിയ കുട്ടിയോട് ചില്ലറയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. നെ‌ടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനശ്വര. ബുധനാഴ്ചയായിരുന്നു സംഭവം.

രാവിലെ ട്യൂഷൻ ഉള്ളതുകൊണ്ട് സ്കൂൾ ബസ് ഒഴിവാക്കി കെഎസ്ആർടിസി ബസിലാണ് അനശ്വര പോയത്. ഏരുമല നെടുമങ്ങാട് ബസിൽ രാവിലെ 6.40ന് ആട്ടുകാലിൽ നിന്നാണ് ബസ് കയറിയത്. ടിക്കറ്റെടുക്കാൻ100 രൂപ നൽകിയപ്പോൾ ചില്ലറ ഇല്ലെന്നും എവിടെയങ്കിലും ഇറങ്ങി ചില്ലറ വാങ്ങാനും കണ്ടക്ടർ പറഞ്ഞുവെന്നാണ് ആരോപണം.

ബസിൽ നിന്ന് ഇറങ്ങാൻ നേരം കുട്ടി ചോദിച്ചെങ്കിലും ബാക്കി നൽകിയില്ല. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബാലൻസ് ചോദിച്ചപ്പോൾ ചില്ലറയില്ല എന്നു പറഞ്ഞു കണ്ടക്ടർ ദേഷ്യപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. കയ്യിൽ പണം ഇല്ലാത്തതിനാൽ കുട്ടി 12 കിലോമീറ്റർ നടന്നുവന്നെന്നും

കുട്ടിയെ കണ്ട്ക്ടർ പരിഹസിച്ചെന്നും പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിഷയം വിവാദമായതോടെ ബാക്കി തുക കണ്ടക്ടർ കെഎസ്ആർടിസി ഡിപ്പോയിൽ അടച്ചു.

പരാതിയെ തുടർന്ന് കുട്ടിയെയും കണ്ട‌ക്ടറേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. കണ്ടക്ടർ പരാതിക്കാരോടു മാപ്പു പറഞ്ഞതിന് ശേഷമാണ് കുട്ടിയുടെ മാതാപിതാക്കൾ കേസ് പിൻവലിച്ചതെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments