banner

ജി20യുടെ അടുത്ത അധ്യക്ഷപദവി ബ്രസീലിന്!, അധികാരചിഹ്നം കൈമാറി നരേന്ദ്ര മോദി, ഡൽഹിയിൽ നടന്ന ഉച്ചകോടിയുടെ അവലോകനം നവംബറിൽ

ന്യൂഡൽഹി : ജി20 അധ്യക്ഷപദവിയുടെ അധികാര ചിഹ്നം ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ഡിസംബറില്‍ ജി20യുടെ അധ്യക്ഷപദവി ബ്രസീല്‍ ഏറ്റെടുക്കും. 2024ല്‍ ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നതും ആതിഥേയത്വം വഹിക്കുന്നതും ബ്രസീലാണ്. 'അധ്യക്ഷ പദവിയുടെ അധികാര ചിഹ്നം ഏറ്റുവാങ്ങുന്ന എന്റെ സുഹൃത്തും ബ്രസീല്‍ പ്രസിഡന്റുമായ ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നവെന്നു'വെന്ന് ചടങ്ങില്‍ നരേന്ദ്രമോദി പറഞ്ഞു.

വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ഉയർത്താൻ തയ്യാറായ ഇന്ത്യയെയും നരേന്ദ്ര മോദിയെയും ലുല ഡ സിൽവ അഭിനന്ദിച്ചു. പട്ടിണിക്കെതിരായ പോരാട്ടവും, ഊർജ്ജ ഉത്പാദനവും, സുസ്ഥിര വികസനവും ജി20 മുൻ​ഗണനാ വിഷയങ്ങളായി ബ്രസീലിലും തുടരും. യുഎൻ രക്ഷാസമിതിയിൽ വികസ്വര രാജ്യങ്ങളിൽ നിന്ന് സ്ഥിരവും സ്ഥിരമല്ലാത്തതുമായ പുതിയ അം​ഗങ്ങളെ ആവശ്യമാണ്. ലോകബാങ്കിലും ഐഎംഎഫിലും വളർന്നുവരുന്ന രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നും ലുല ഡ സിൽവ പറഞ്ഞു.

ഡൽഹിയിൽ നടന്ന ഉച്ചകോടിയുടെ അവലോകനം നടത്തുന്നതിനായി നവംബർ അവസാനം ജി20യുടെ വെർച്വൽ സെഷൻ നടത്താൻ നരേന്ദ്ര മോദി നിർദ്ദേശം മുന്നോട്ട് വെച്ചു. ഉയർന്നുവന്ന നിർദ്ദേശങ്ങൾ എങ്ങനെ വേഗത്തിൽ നടപ്പിലാക്കാം എന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന് മോദി പറഞ്ഞു. ജി20 ഉച്ചകോടി അവസാനിച്ചതായി മോദി പ്രഖ്യാപിച്ചു.

Post a Comment

0 Comments