ന്യൂഡൽഹി : ജി-20 ഉച്ചകോടിക്കെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ലോക നേതാക്കൾ ഇന്ത്യയിലെത്തുകയാണ്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹി ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. ഉച്ചകോടിയുടെ ഒരുക്കങ്ങൾ ഡൽഹിയിൽ അതിവേഗം പുരോഗമിക്കുകയാണ്.
ജി 20 ഉച്ചകോടിയുടെ മുന്നോടിയായി കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരി. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന സമയത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും.
സെൻട്രൽ ഡൽഹി, ഏറോസിറ്റി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് വി.വി.ഐ.പികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സുരക്ഷ ഏജൻസികളുമായി ചേർന്ന് ഡൽഹി പൊലീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റിന് പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബാനിസ്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദോ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബ്രസീൽ പ്രസിഡന്റ് ലുലാ ഡാ സിൽവ തുടങ്ങിയവർ ഉച്ചകോടിക്കെത്തും.
0 Comments