തിരുവനന്തപുരം : തന്റെ ഇഷ്ട സ്ഥലമായ ഫ്‌ളോറിഡയിലേക്ക് പോകാനാണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കാട്ടാക്കടയിലെ 13കാരന്‍. കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത് 300 രൂപ മാത്രമാണ്. യൂണിഫോം കണ്ട് പേടിച്ചിരിക്കുന്നതിനാല്‍ കുട്ടി മറ്റൊന്നും പറയുന്നില്ലെന്നും വനിത ഉദ്യോഗസ്ഥയെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ശ്രമമെന്നും പൊലീസ് പറഞ്ഞു.
കാട്ടാക്കട ആനകോട് സ്വദേശിയായ 13കാരനെയാണ് ഇന്ന് പുലര്‍ച്ചെ കാണാതായത്. തന്റെ കളര്‍ പെന്‍സിലുകള്‍ സുഹൃത്തിന് നല്‍കണമെന്നും താന്‍ പോകുന്നുവെന്നുമാണ് കുട്ടി വീട്ടുകാര്‍ക്കെഴുതിയ കത്തില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം വ്യാപകമാക്കി. 5.30ന് പട്ടകുളം പ്രദേശത്തെ സിസി ടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
0 Comments