banner

അച്ഛനും അമ്മയും ഉള്‍പ്പെടെ 4 പേരെ കൂട്ടക്കൊല ചെയ്ത സംഭവം!, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന കാഡല്‍ ജിന്‍സണ്‍ രാജയുടെ ആവശ്യം തള്ളി കോടതി


നന്ദന്‍കോട് കൂട്ടക്കൊലക്കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതി കാഡല്‍ ജിന്‍സണ്‍ രാജയുടെ ആവശ്യം തള്ളി കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കൊല നടത്തുമ്പോള്‍ പ്രതി മാനസിക രോഗത്തിന് ചികിത്സയിലാണോയെന്ന് അന്വേഷിക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.

2017 ഏപ്രില്‍ ഒന്‍പതിനാണു ക്ലിഫ് ഹൗസിനു സമീപമുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ കാഡലിന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ 4 പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരുപറഞ്ഞ് നാലുപേരെയും കാഡല്‍ കൊലപ്പെടുത്തിയെന്നാണു കേസ്. പ്രഫസര്‍ രാജ തങ്കം, ഭാര്യ ഡോ. ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരാണ് മരിച്ചത്.  രാജ തങ്കത്തിന്റെയും ജീന്‍പത്മയുടെയും കരോളിന്റെയും മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ രാജ-ജീന്‍പത്മ ദമ്പതികളുടെ ഏകമകനായ കാഡലിനെ കാണാതായി. ഇയാളും മരിച്ചെന്ന് കരുതാന്‍ ഡമ്മി നിര്‍മ്മിച്ച് കത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 

ഇതിനിടെ കാഡല്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ താമസിച്ചു. എന്നാല്‍ തിരികെ തിരുവനന്തപുരത്ത് എത്തിയതോടെ പൊലീസിന്റെ പിടിവീണു. റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായ ഇയാളെ ആദ്യം കോടതിയുടെ അനുമതിയോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ പിന്നീട് പേരൂര്‍ക്കട മാനസികരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു ഇയാള്‍. നിലവില്‍ കിടത്തിച്ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിരീക്ഷണത്തിലാണ്. 

കാഡല്‍ വര്‍ഷങ്ങളായി മനോരോഗത്തിനു ചികിത്സയിലാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ കൊലപാതകം നടത്തുമ്പോള്‍ ഇയാള്‍ ചികിത്സ തേടിയിരുന്നതായി തെൡയിക്കുന്ന രേഖകളൊന്നും പ്രതിഭാഗത്തിന്റെ പക്കലില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസിനോട് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

Post a Comment

0 Comments