banner

ആയുധം കൈവശംവച്ചതിന് അറസ്റ്റ് ചെയ്ത അഞ്ചു പേരെ വിട്ടയക്കണം; മണിപ്പൂരിൽ 48 മണിക്കൂർ ബന്ദ്

ഇംഫാൽ : ആയുധം കൈവശം വച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണിപ്പൂരിൽ 48 മണിക്കൂർ ബന്ദ്. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തി സ്ത്രീകളുടെ കൂട്ടായ്മയായ മീരാ പൈബിയും അഞ്ച് പ്രാദേശിക ക്ലബ്ബുകളുമാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിനെ തുടർന്ന് ജനജീവിതം സ്തംഭിച്ചു.

ഇംഫാലിലെ കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. മറ്റൊരു ദിവസം പരീക്ഷ നട‌ത്തും. കിഴക്കൻ ഇംഫാൽ ജില്ലയിലെ ഖുറായി, കോങ്‌ബ, കക്വ, ബിഷ്ണുപൂർ ജില്ലയിലെ നമ്പോൾ, തൗബാൽ ജില്ലയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മീരാ പൈബിയിലെ സ്ത്രീകൾ റോഡ് ഉപരോധിച്ചു.

തോക്കുകളും സ്‌പോർട്‌സ് യൂണിഫോമുകളും കൈവശം വച്ചതിനാണ് അഞ്ച് യുവാക്കൾ അറസ്റ്റിലായത്. ശനിയാഴ്ച യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പോറമ്പാട്ട് പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഏതാനും പ്രതിഷേധക്കാർക്കും ആർഎഎഫ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. പ്രതിഷേധക്കാർക്കെതിരെ സുരക്ഷാ സേന കണ്ണീർ വാതകവും ഷെല്ലുകളും പ്രയോ​ഗിച്ചു. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഞ്ചു പേരേയും പൊലീസ് കസ്റ്റഡിയിൽ വിട്ടെന്ന് പൊലീസ് അറിയിച്ചു.

കുക്കി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മണിപ്പൂരില്‍ നടന്ന കലാപത്തില്‍ 175 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ് അറിയിച്ചിരുന്നു. കലാപത്തില്‍ ഇതുവരെ 1138 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെ 33 പേരെ കാണാനില്ല. സംസ്ഥാനത്ത് പലയിടങ്ങളിലായി 96 മൃതദേഹങ്ങള്‍ അവകാശികളില്ലാതെ കിടക്കുന്നു. ഇംഫാലിലെ ആര്‍ഐഎംഎസ്, ജെഎന്‍ഐഎംഎസ് ഹോസ്പിറ്റലുകളില്‍ യഥാക്രമം 28ഉം 26ഉം മൃതദേഹങ്ങളാണ് അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്. ചുരാചന്ദ്പൂര്‍ ജില്ലയില്‍ 42 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കലാപത്തില്‍ 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തതായും പൊലീസ് അറിയിച്ചു. കലാപം തുടങ്ങിയതിന് ശേഷം പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 1,359 തോക്കുകളും 15,050 വെടിക്കോപ്പുകളും കണ്ടെടുത്തതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ കെ മുയ്വ വ്യക്തമാക്കി. കലാപത്തിനിടയില്‍ വലിയ തോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കലാപ സമയത്ത് സംസ്ഥാനത്ത് ഉടനീളം 5,172 തീവെയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു.

Post a Comment

0 Comments