banner

പണിതീർക്കാതെ നഷ്ടപ്പെടുത്തിയത് 54 കോടി!, 'ഓഡിറ്റ്' റിപ്പോർട്ടിൽ പൊതുമരാമത്ത് വകുപ്പിനെതിരെ ഗുരുതര കണ്ടെത്തൽ, പലതിനും ഭരണാനുമതി നല്‍കിയത് ഫണ്ട് ഉണ്ടോയെന്നറിയാതെ

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി സിആന്റ് എജി റിപ്പോര്‍ട്ട്. പിഡബ്ല്യുഡി മാന്വലിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ബൈപാസ് നിര്‍മ്മാണം നടത്തിയെന്നാണ് കണ്ടെത്തല്‍. നിര്‍മ്മാണത്തിനായി ചെലവാക്കിയ 54 കോടി രൂപ നഷ്ടമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട്.

തുടങ്ങിവച്ച മൂന്നു ബൈപ്പാസ് റോഡ് നിർമാണ പ്രവര്‍ത്തനങ്ങള്‍ ഇത് വരെ പൂര്‍ത്തിയാക്കിയില്ല. 9 മാസം കൊണ്ട് ജോലി പൂര്‍ത്തിയാക്കുമെന്ന് നിശ്ചയിച്ച പാലക്കാട് കല്‍മണ്ഡപം ബൈപാസ്, ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ മലപ്പുറം നിലമ്പൂര്‍ ബൈപാസ്, 2019 ല്‍ പണി നിര്‍ത്തിവച്ച എറണാകുളം തങ്കളം ബെപാസ് എന്നിവയാണ് ഇതുവരെ പണിപൂര്‍ത്തിയാക്കാത്തത്.

ആവശ്യമായ ഭൂമി എറ്റെടുക്കാതെയായിരുന്നു ഈ ബൈപ്പാസുകളുടെ നിര്‍മ്മാണം തുടങ്ങി വച്ചതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നത്. തങ്കളം ബൈപാസില്‍ 183.03 ലക്ഷം രൂപ ചിലവില്‍ 2011ല്‍ പാലം പണി പൂര്‍ത്തിയാക്കിയെങ്കിലും റേഡിന്റെ സ്ഥലമെടുപ്പ് പൂര്‍ണമാവത്തതിനാല്‍ 10 വര്‍ഷത്തോളമായി പാലം ഉപയോഗ ശൂന്യമാണ്.

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഫണ്ട് പൂര്‍ണമായും ലഭിക്കുന്നതിന് മുമ്പ് ഫണ്ടിന്റെ ലഭ്യത വിലയിരുത്താതെയാണ് പ്രവര്‍ത്തികള്‍ക്ക് ഓരോന്നിനും ഭരണാനുമതി നല്‍കിയതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നത്. ഇത് കാരണം 54.08 കോടി രൂപയാണ് നഷ്ടമായത്.

നിലമ്പൂര്‍ ബൈപ്പാസിന്റെ നിര്‍മ്മാണത്തില്‍ റവന്യൂ വകുപ്പിന്റെ കാലതാമസമാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ മറുപടി. കല്‍മണ്ഡപം ബൈപ്പാസിനായി പാലക്കാട് നഗരസഭയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തങ്കളം ബൈപ്പാസില്‍ കോതമംഗലം നഗരസഭയുടെയും എക്‌സൈസ് വകുപ്പിന്റെയും ഭൂമി കൈമാറ്റം ഇതുവരെ എങ്ങുമെത്തിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുന്നതാണ്.

കരാറുകാര്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കുന്നുവെന്ന കണ്ടെത്തലും പൊതുമരാമത്ത് വകുപ്പിനെതിരെയുണ്ട്. കരാറുകാര്‍ക്ക് അനര്‍ഹമായി ആനുകൂല്യം നല്‍കി. ടാര്‍ വാങ്ങുന്നതിലെ വ്യവസ്ഥകള്‍ ലംഘിച്ച കരാറുകാര്‍ക്ക് അനര്‍ഹമായി അനുകൂല്യം നല്‍കിയെന്നാണ് സിഎജി കണ്ടെത്തല്‍. 4.98 കോടി രൂപയാണ് ഈ രീതിയില്‍ അനര്‍ഹമായി നല്‍കിയത്.

Post a Comment

0 Comments