Latest Posts

സുഹൃത്തിനൊപ്പം സഞ്ചരിക്കവേ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം!, അക്രമം പണത്തിനായി, 8 പേർ അറസ്റ്റിൽ

ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലത്ത് പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെ കടത്തിക്കൊണ്ട് പോയ കേസിലാണ് പെരിന്തൽമണ്ണ സ്വദേശികളായ യുവാക്കൾ അറസ്റ്റിലായത്. കാർ വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ, ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെ ഒരു സംഘം യുവാക്കൾ ചേർന്ന് തട്ടികൊണ്ടുപോയത്.

സലീമിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്തിനെ മർദ്ദിച്ചതിനു ശേഷം, സലീമിന്റെ ഫോണും സംഘം കവർന്നെടിത്തിരുന്നു. വിവരമറിഞ്ഞ സലീമിന്റെ കുടുംബം, ഫോണിൽ ബന്ധപ്പെട്ടപ്പോൾ 40,000 രൂപ നൽകിയാലേ സലീമിനെ വിട്ട് നൽകൂവെന്നും അല്ലാത്ത പക്ഷം കൊന്നു കളയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. സംഭവത്തിൽ സലീമിന്റെ കുടുംബം നൽകിയ പരാതിയിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സലീമുമായി പാലക്കാട് നഗരത്തിൽ ഉണ്ടെന്ന് വിവരം ലഭിച്ചു.

പിന്നാലെ പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പെരിന്തൽമണ്ണ സ്വദേശികളായ ഷാഹുൽ അമീൻ, മുർഷിദ്, അർജുൻ കൃഷ്ണ, മുഹമ്മദ് ഹർഷാദ്, മുഹമ്മദ് റമീസ്, മുഹമ്മദ് ഷുക്കൂർ, മുനീർ ബാബു, അബ്ദുൾ റഹീം എന്നിവർ അറസ്റ്റിലായത്. കാർ വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

0 Comments

Headline