banner

നായ പരിശീലന കേന്ദ്രമായ ഡെൽറ്റ കെ 9 ലെ കഞ്ചാവ് വേട്ട!, പ്രതിയായ റോബിൻ പിടിയിലായി, അറസ്റ്റ് ചെയ്തത് തമിഴ്നാട്ടിൽനിന്ന്

കോട്ടയം : കുമാരനെല്ലൂരിൽ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ പ്രതി റോബിൻ പിടിയിൽ. തമിഴ്നാട്ടിലെ ഒളി സങ്കേതത്തിൽ നിന്നാണ് ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസും ചേർന്ന് ഇയാളെ പിടികൂടിയത്. ഇയാളെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞദിവസമാണ് കുമാരനല്ലൂർ വലിയാലിൻ ചുവട്ടിലെ നായ വളർത്തൽ കേന്ദ്രത്തിൽ 18 കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തത്. 

കേസിലെ പ്രതിയായ പാറമ്പുഴ സ്വദേശി റോബിൻ ജോർജ് ആണ് ഗാന്ധിനഗർ പോലീസിന്റെയും കോട്ടയം ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സേന സംഘത്തിന്റെയും കസ്റ്റഡിയിൽ ആയത്. തിങ്കളാഴ്ച പുലർച്ചെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ കുമാരനല്ലൂർ വല്യാലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ഡെൽറ്റ കെ 9 നായ വളർത്തൽ പരിശീലന കേന്ദ്രത്തിൽ നിന്നും 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവസ്ഥലത്തു നിന്നും പ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.

'ഞാന്‍ മരിച്ചാലും ഒരു ഇതിഹാസമായി മരിക്കും', നായ പരിപാലന കേന്ദ്രത്തിന്റെ മറവില്‍ ലഹരി ഇടപാട് നടത്തിയ വിജയപുരം പഞ്ചായത്തില്‍ കൊശമറ്റം കോളനി തെക്കേത്തുണ്ടത്തില്‍ റോബിന്‍ ജോര്‍ജ് തന്റെ ഹോസ്റ്റലിന് മുന്നിലെ ഭിത്തിയിലെ പെയ്ന്റിംഗിനൊപ്പം ചേര്‍ത്ത വെച്ച വാചകമാണിത്. ഡെല്‍റ്റ കെ9 എന്ന് പേരിട്ട നായ പരിപാലന കേന്ദ്രം അത്യന്തം ദുരൂഹത നിറഞ്ഞ കേന്ദ്രമാണ് നാട്ടുകാര്‍ക്ക് നേരത്തെ തന്നെ തോന്നിയിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് റോബിന്‍ ഇവിടെ വാടകയ്ക്കായി എത്തിയത്. വന്യസ്വഭാവമുള്ളതടക്കം വിലപിടിപ്പുള്ള നായ്ക്കളെ പരിശീലിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കേന്ദ്രം എന്ന നിലക്കാണ് ഇയാള്‍ ഇവിടെ 'പ്രവര്‍ത്തനമാരംഭിച്ചത്'. അപകടകാരികളായ നായ്ക്കളുണ്ട് എന്നതിനാല്‍ തന്നെ പുരയിടത്തിലെ മതിലിന് മുകളിലായി ഷീറ്റ് കൊണ്ടും റോബിന്‍ മറച്ചു. നായ്ക്കള്‍ പുറത്തേക്ക് പോകാതിരിക്കാന്‍ എന്നായിരുന്നു ഇതിന് റോബിന്റെ ന്യായം.

ഹോസ്റ്റലിന് മുന്നിലെ ഭിത്തിയില്‍ ആക്രമണകാരികളായ നായ്ക്കളായ അമേരിക്കന്‍ ബുള്ളിയും പിറ്റ്ബുള്ളും ബല്‍ജിയം മലിനോയിസിനൊപ്പം കാര്‍ഗോ പാന്റ്‌സ് ധരിച്ച് മദ്യം നുണയുന്ന തന്റെ തന്നെ ചിത്രവും റോബിന്‍ പെയ്ന്റ് ചെയ്യിച്ചിരുന്നു. വിദേശത്തേക്കും മറ്റ് ദൂരയാത്രക്കും പോകുന്നവരുടെ നായ്ക്കളെ പരിചരിക്കാനും നായ്ക്കളെ പ്രത്യേകം പരിശീലിപ്പിക്കാനുമുള്ള ഇടം എന്ന നിലയിലാണ് ഡെല്‍റ്റ കെ9 തുടങ്ങിയത്.

പ്രതിദിനം ഒരു നായക്ക് 1000 രൂപ വീതം ഈടാക്കുന്ന ഇവിടെ സഹായത്തിനായി രണ്ട് യുവാക്കളുമുണ്ട്. നായ്ക്കള്‍ മാത്രമല്ല ഇവിടെയുള്ളത്. മുറ്റത്തെ ടാങ്കില്‍ അരാപൈമ, അലിഗേറ്റര്‍ ഗാര്‍, റെഡ് ടൈല്‍ ക്യാറ്റ് ഫിഷ് തുടങ്ങിയ ഇനങ്ങളും മറ്റൊരു ടാങ്കില്‍ ആമകളുമുണ്ട്. അതീവ വന്യത പ്രകടിപ്പിക്കുന്ന നായ്ക്കളെ കാക്കി കണ്ടാല്‍ കടിക്കാന്‍ വേണ്ടിയുള്ള പരിശീലനം നടത്തിയത് തന്റെ കഞ്ചാവ് ഇടപാടുകളില്‍ നിന്ന് രക്ഷ നേടാനായിരുന്നു.

കഞ്ചാവ് ഏജന്റെന്ന നിലയില്‍ പൊലീസ് എത്തിയപ്പോള്‍ സംശയം തോന്നിയ റോബിന്‍ രക്ഷപ്പെട്ടത് ഈ തന്ത്രം ഉപയോഗിച്ചായിരുന്നു. റോബിന്‍ ദുരൂഹത ഏറെയുള്ള വ്യക്തിയായിരുന്നു എന്ന് നാട്ടുകാര്‍ക്ക് നേരത്തെ തന്നെ തോന്നിയിരുന്നു. പലപ്പോഴും ഈ സംശയത്തിന്റെ പേരില്‍ നാട്ടുകാരും പ്രാദേശിക ജനപ്രതിനിധികളും റോബിനെ ചോദ്യം ചെയ്തിരുന്നെങ്കിലും എല്ലാവരേയും വിരട്ടി ഓടിക്കുകയായിരുന്നു.

ഒരിക്കല്‍ ഒരു കാര്‍ കൊണ്ടുവന്ന് ഒറ്റ ദിവസംകൊണ്ട് റോബിന്‍ അത് പൊളിച്ച് കഷണമാക്കിയിട്ടുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ പലപ്പോഴും ഇവിടെ ശബ്ദവും ബഹളുവമായിരിക്കും. പരിചയമില്ലാത്തവരൊക്കെ പലപ്പോഴും ഇവിടെ വന്ന് പോകുന്നത് നാട്ടുകാരും ശ്രദ്ധിക്കാറുണ്ടായിരുന്നു. 17.8 കിലോഗ്രാം കഞ്ചാവാണ് റോബിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. അതേസമയം നായപരിശീലന കേന്ദ്രത്തിലെ നായ്ക്കളെ മാറ്റാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments