banner

ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന പരാമര്‍ശം!, 'പറഞ്ഞതില്‍ ഖേദമില്ല, ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയോടാണ് ഞാന്‍ ആണ്‍ പ്രതിമ ചോദിച്ചത്', പ്രതികരണവുമായി അലന്‍സിയര്‍

കൊച്ചി : ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ അലന്‍സിയര്‍. പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്നും ആരേയും ആക്ഷേപിച്ചിട്ടില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.

'വലിയ വേദിയില്‍ തന്നെയാണ് അത് പറയേണ്ടത്. എന്തിനാണ് പെണ്‍പ്രതിമ നമുക്ക് തരുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കാന്‍ പറ്റാത്തത്. പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു. എന്‍റെയടുത്ത് സദാചാരം പറയാന്‍ വരേണ്ട. മലയാളം സിനിമയിലെ ഏക പീഡകന്‍ എന്ന് എന്നെ വിശേഷിപ്പിക്കേണ്ടതില്ല. അതിന് യോഗ്യതയുള്ള പലരും ഉണ്ട്. ആ വേദിയില്‍ തന്നെയായിരുന്നു എനിക്ക് ഈ കാര്യം പറയേണ്ടത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് ഒരു ആണ്‍ പ്രതിമ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. ഗൗരിയമ്മയെ എത്രകാലം ഉയര്‍ത്തികൊണ്ടുവന്നു ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. എന്നിട്ട് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയോ. ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്.' ചോദ്യങ്ങളോട് അലന്‍സിയര്‍ പ്രതികരിച്ചു.

എന്തിനാണ് എല്ലാ വർഷവും നമ്പൂതിരിയുടെ പ്രതിമ മാത്രം നൽകുന്നത് എന്നും അലന്‍സിയര്‍ ചോദിച്ചു. 'എന്റെ ശരീരം എന്തുകൊണ്ട് തരുന്നില്ലായെന്നാണ് ചോദിച്ചത്. സ്ത്രീകള്‍ പുരുഷന്മാരേയും ബഹുമാനിക്കാന്‍ പഠിക്കണം. സംവരണം വേണ്ടത് പുരുഷന്മാര്‍ക്കാണ്. എല്ലാം കിട്ടുന്നത് സ്ത്രീകള്‍ക്കാണ്. പുരുഷന് നീതിയില്ല. ഷൂട്ടിംഗ് സൈറ്റില്‍ പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും ദുരിതം അനുഭവിക്കുന്നുണ്ട്. ജൂനിയര്‍ ആര്‍ടിസ്റ്റുകളൊക്കെ അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ല. പൊലീസ് വേഷത്തിലൊക്കെയെത്തുന്നയാള്‍ മൂത്രമൊഴിക്കാന്‍ കഴിയാതെ നടക്കുന്ന നടപ്പ് ഞാന്‍ കണ്ടിട്ടുണ്ട്.' എന്നും അലന്‍സിയര്‍ രോക്ഷം പ്രകടിപ്പിച്ചു.

വ്യാഴാഴ്ച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ചലച്ചിത്ര അവാര്‍ഡിലെ സ്ത്രീ ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണമെന്നാണ് ആവശ്യം. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.

'നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും,' എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

Post a Comment

0 Comments