Latest Posts

അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു!, പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമം, കിണറ്റില്‍ ചാടിയ ശാന്തകുമാരിയെ പുറത്തെടുത്തത് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്, അറസ്റ്റ്

പാലക്കാട് : അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിനെ വഴക്കിനിടെ ഭാര്യ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ആലങ്ങാട് വെള്ളംകൊള്ളി വീട്ടില്‍ പ്രഭാകരന്‍ നായരെ(80) ആണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ ശാന്തകുമാരി(66)യെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. 

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഓര്‍മ്മക്കുറവുള്ള വ്യക്തിയാണ് പ്രഭാകരന്‍. വര്‍ഷങ്ങളായി ചികിത്സയിലാണ്. സംഭവ ദിവസം രാത്രി രണ്ടു തവണ പ്രഭാകരന്‍ വീടിന്റെ മതില്‍ ചാടി പുറത്തേക്ക് പോകുകയും പ്രദേശവാസികള്‍ തിരിച്ചു വീട്ടിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. 

വീണ്ടും ഇത്തരത്തില്‍ ശ്രമം നടത്തിയപ്പോള്‍ ഭാര്യ ശാന്തകുമാരിയുമായി വഴക്കായി. തുടര്‍ന്ന് ശാന്തകുമാരി പ്രഭാകരനെ കട്ടിലില്‍ പിടിച്ചു കിടത്തി തോര്‍ത്തെടുത്ത് കഴുത്തില്‍ മുറുക്കിയതോടെ മരണം സംഭവിച്ചെന്നാണ് പോലീസ് പറയുന്നത്. പ്രഭാകരന്‍ മരിച്ചതറിഞ്ഞതോടെ മനോവിഷമത്തില്‍ ശാന്തമാരി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. 

നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് കിണറ്റില്‍ ചാടിയ ശാന്തകുമാരിയെ പുറത്തെടുത്തത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പ്രഭാകരന്‍ മരിച്ചു കിടക്കുന്നത് കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. 

പ്രഭാകരന്റെ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ശാന്തകുമാരിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ശാന്തകുമാരിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സംഭവസമയത്ത് ഇവര്‍ രണ്ടു പേര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മകള്‍: സ്മിത.

0 Comments

Headline