banner

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അഴിമതിക്കേസിൽ സിഐഡി പിടിയിൽ!, അറസ്റ്റ് പോലീസും ടിഡിപി പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ


അമരാവതി : തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെയാണ് നായിഡു അറസ്റ്റിലായത്. അഴിമതിക്കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. നന്ത്യാൽ പോലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ.പി. സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് ചന്ദ്ര ബാബു നായിഡു.

2014 - 2019 കാലഘട്ടത്തിൽ ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്ത് ഉടനീളം എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് വേണ്ടി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന രീതിയിൽ എ.പി. സ്കിൽ ഡെവലപ്മെന്റ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ അഴിമതിക്കേസിലാണ്, ആദ്യഘട്ടത്തിൽ ഇ.ഡിയും ആന്ധ്രാപ്രദേശ് സി.ഐ.ഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021-ലാണ് ചന്ദ്രബാബു നായിഡുവിനെതിരേ എഫ്.ഐ.ആർ. രേഖപ്പെടുത്തുന്നത്. 250 കോടിയുടെ അഴിമതി നടത്തി എന്നാണ് കേസ്. കേസിൽ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.

അതി നാടകീയതയ്ക്കൊടുവിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ നന്ത്യാലിലെ ഫങ്ഷൻ ഹാളിൽ എത്തിയാണ് സി.ഐ.ഡി. ഉദ്യോഗസ്ഥർ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ് കൈമാറുന്നത്. എന്നാൽ ടി.ഡി.പി. പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് ഈ സമയം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷം രൂപപ്പെടുകയും ചെയ്തു.

Post a Comment

0 Comments