തിരുവനന്തപുരം : എഐ ക്യാമറ വിവാദം വീണ്ടും സഭയില്‍. പദ്ധതി ആനുവിറ്റി മോഡലില്‍ തന്നെയാണ് വിഭാവനം ചെയ്തതെന്ന് ആന്റണി രാജു ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. 20 തവണയായി ക്വാര്‍ട്ടേര്‍ലി പെയ്‌മെന്റ് എന്ന് ടെന്‍ഡറില്‍ പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു. എന്നാല്‍ ടെന്‍ഡര്‍ രേഖയില്‍ ബൂട്ട് മോഡല്‍ എന്നാണ് പറയുന്നതെന്നും മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
'എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി ബിഒഒടി മാതൃകയില്‍ അല്ല നടപ്പാക്കിയത്. കെല്‍ട്രോണിന് നല്‍കിയിട്ടുള്ള ആനുവിറ്റി രീതിയിലാണ്. മോട്ടോര്‍ വാഹന വകുപ്പിന് ഒന്നിച്ചൊരു തുക ആദ്യമേ നടപ്പാക്കേണ്ടതില്ലായെന്ന കാരണത്തിലാണ് ഇത്തരമൊരു നടപടി. കരാര്‍ കാലാവധിയില്‍ മെയിന്റനന്‍സ് നടത്തേണ്ട ചുമതലയും കെല്‍ട്രോണിനാണ്. പദ്ധതി നിര്‍വ്വഹണത്തിന് ശേഷം തുക ഘട്ടം ഘട്ടമായി കൊടുത്താല്‍ മതി. നിയമവകുപ്പിന്റെ ഉപദേശം തേടിയിട്ടില്ല. ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്കും അഭിപ്രായത്തിനും വിധേയമാക്കിയിട്ടുണ്ട്.' ആന്റണി രാജു പറഞ്ഞു.
എഐ ക്യാമറയുടെ ഉടമസ്ഥാവകാശം മോട്ടോര്‍ വാഹനവകുപ്പിന് തന്നെയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്തെ വാഹനാപകട നിരക്ക് കുറഞ്ഞെന്നും ആന്റണി രാജു സഭയില്‍ പറഞ്ഞു. 2023 ജൂണ്‍ 5 മുതലാണ് എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത്. 2022 ജൂണിലെ അപകടത്തിന്റെ എണ്ണം 3714 ആയിരുന്നെങ്കില്‍ ഇപ്പോഴത് 1786 ആയി കുറഞ്ഞിരിക്കുന്നു. 2022 ജൂലൈയില്‍ 3316 ആയിരുന്നത് 2023 ല്‍ 2571 ആയി കുറഞ്ഞു. 2022 ആഗസ്റ്റില്‍ 3366 ആയിരുന്നത് 2023 ല്‍ 1281 ആയി കുറഞ്ഞിരിക്കുന്നു.
ഇന്നലെ വരെയുള്ള വാഹനാപകട മരണത്തിലെ നിരക്കിലും കുറവുണ്ട്. 2022 ജൂണില്‍ 344 മരണങ്ങളാണ് നടന്നതെങ്കില്‍ 2023ല്‍ 277 ആയി കുറഞ്ഞു. 2022 ജൂലൈയില്‍ 313 മരണങ്ങളാണെങ്കില്‍ 2023 ജൂലൈയില്‍ 273 ആയി കുറഞ്ഞു. 2022 ആഗസ്റ്റില്‍ 307 മരണങ്ങളായിരുന്നെങ്കില്‍ 2023 ആഗസ്റ്റില്‍ 181 ആയി കുറഞ്ഞു എന്നും മന്ത്രി സഭയെ അറിയിച്ചു.
0 Comments