അഗര്‍ത്തല : ത്രിപുരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ബിജെപിക്ക് വിജയം. സെപാഹിജാല ജില്ലയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുപ്രകാരം ബോക്‌സാനഗറില്‍ തഫജ്ജല്‍ ഹുസൈന്‍ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഹുസൈന്‍ 34,146 വോട്ട് നേടിയപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി 3,909 വോട്ടില്‍ ഒതുങ്ങി.
ധന്‍പൂര്‍ സീറ്റില്‍ ബിന്ദു ദേബ്‌നാഥ് 18,871 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ദേബ്‌നാഥിന് 30,017 വേട്ടും സിപിഐഎം സ്ഥാനാര്‍ത്ഥി കൗശിക് ചന്ദ 11,146 വോട്ടും നേടി.
ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ സിപിഐഎം ബഹിഷ്‌കരിച്ചിരിക്കുകയാണ്. സിപിഐഎം എംഎല്‍എ സാംസുല്‍ ഹഖിന്റെ മരണത്തെ തുടര്‍ന്നാണ് ബോക്‌സാനഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ധന്‍പൂരിലെ ഉപതിരഞ്ഞെടുപ്പ് നടന്ന്.
സെപ്തംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 86.50 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗ് തുടങ്ങിയപ്പോള്‍ തന്നെ കള്ളവോട്ട് ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പുതിയ പോളിംഗ് പ്രഖ്യാപിക്കണമെന്നും ഇടതുമുന്നണി അന്ന് തന്നെ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നാണ് സിപിഐഎം നിലപാട്. ഈ സാഹചര്യത്തില്‍ ഇടത് മുന്നണി ഇന്നത്തെ വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്.
0 Comments