banner

തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു!, കുടിവെള്ള പ്രശ്നത്തിനും ബോട്ട് ജെട്ടികളിലെ ശോചനീയാവസ്ഥയ്ക്കും പരിഹാരം വേണമെന്ന് ആവശ്യം, ഉപരോധം അവസാനിപ്പിച്ചത് പോലീസിന് മുന്നിൽ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ


തൃക്കരുവ : ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.  പഞ്ചായത്തിന് കീഴിലെ വിവിധ വാർഡുകളിലായി തുടരുന്ന കുടിവെള്ള പ്രശ്നത്തിനും പ്രദേശത്തെ ബോട്ട് ജെട്ടികളിലെ ശോചനീയാവസ്ഥയ്ക്കും അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഉപരോധം. നാലാം വാർഡ് ഇഞ്ചവിളയിലും ആറാം വാർഡ് കാഞ്ഞിരംകുഴിയിലും മാസങ്ങളായി കനത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. മുൻപ് ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്നും നടപടി വേഗത്തിലാവാത്തത്തിനെ തുടർന്നാണ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹനെ ഉപരോധിച്ചത്. 

കൂടാതെ പ്രദേശത്തെ നാലോളം വരുന്ന ബോട്ട് ജെട്ടികളിലെ ശോചനീയാവസ്ഥ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. ട്രജിംഗിലൂടെ മണ്ണ് നീക്കം ചെയ്യാത്തത് മൂലം ബോട്ടുകളിലെ പ്രോപ്പല്ലറുകൾ നശിക്കുകയാണെന്നും ഇത് വഴി ജലഗതാഗത വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ അടിയന്തിര പരിഹാരമുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിന് ശേഷം പോലീസ് എത്തി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്ക് ശേഷമാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. ഉന്നയിച്ച വിഷയങ്ങളിൽ ഒന്നര മാസത്തിനകം തീർപ്പുണ്ടാകുമെന്നും സെക്രട്ടറി ഉറപ്പ് നൽകി.  പഞ്ചായത്തിന് പരിധിയിൽ വരാത്ത വിഷയങ്ങളിൽ മറ്റ് വകുപ്പുകളുമായി ചേർന്ന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ബിജെപി തൃക്കരുവ ഏരിയ പ്രസിഡന്റ് അജയൻ മകരവിളക്ക്, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജനറൽ സെക്രട്ടറി സജീഷ് പ്രാക്കുളം, ബിജെപി വാർഡ് മെമ്പർമാരായ സുജിത്ത് അഷ്ടമുടി, മഞ്ജു ആലയത്ത്, രാധാകൃഷ്ണൻ ഇഞ്ചവിള,ലത,സംഘടനാ പ്രവർത്തകരായ രാഹുൽ,ജയൻ,സന്ദീപ്, യുവമോർച്ച പ്രസിഡന്റ്‌ ഹരി തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments