banner

പാര്‍വതി മില്ലില്‍ ബോണസും ശമ്പള കുടിശിഖയും നല്‍കാത്തതില്‍ പ്രതിഷേധിക്കും: സി.ഐ.ടി.യു

കൊല്ലം : ബോണസും ശമ്പള കുടിശിഖയും നല്‍കാതെ പാര്‍വതി മില്ലിലെ തൊഴിലാളികളെ ഓണ കാലത്ത്‌ പട്ടിണികിട്ട നടപടിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവര്‍ത്തനം നിലച്ചിട്ട്‌ ഒരു പതിറ്റാണ്ട്‌ കഴിഞ്ഞെങ്കിലും ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക്‌ രണ്ടു മാസം മുന്‍പുവരെ വേതനം ഉണ്ടായിരുന്നു. ഇപ്പോള്‍ അതും നിലച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഓണം ബോണസും തൊഴിലാളികള്‍ക്കു ലഭിക്കാത്ത സ്‌ഥിതിയാണ്‌. 2008 നവംബര്‍ 26-നാണ്‌ കമ്പനി അടച്ചുപൂട്ടിയത്‌.

രണ്ടായിരത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്ന മില്ലില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്‌ 40 പേരാണ്‌. നഗരഹൃദയത്തില 16 ഏക്കറോളും സ്‌ഥലത്ത്‌ സ്‌ഥിതിചെയ്യുന്ന പാര്‍വതി മില്ലിലെ കോടികള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ തുരുെമ്പടുത്തും മറ്റും നശിച്ചുകൊണ്ടിരിക്കുകയാണ്‌. നഗരത്തില്‍ ഇത്രയേറെ സ്‌ഥലം സ്വന്തമായുള്ള മറ്റൊരു പൊതുമേഖലാ സ്‌ഥാപനവുമില്ല. കേന്ദ്ര പൊതുമേഖല സ്‌ഥാപനമായ (എന്‍.ടി.സി) ദേശീയ ടെക്‌സ്റൈല്‍സ്‌ കോര്‍പറേഷന്‌ കീഴിലുള്ള പാര്‍വതി മില്‍ ഇനി പഴയ പ്രൗഡിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള യാതൊരു നടപടികളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി സ്‌ഥാപനത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പരാജയപ്പെട്ടത്തിന്റെ ഉദാഹരണമാണ്‌ തൊഴിലാളികള്‍ക്ക്‌ ഓണ കാലത്തും ശമ്പളവും കുടിശികയും ലഭിക്കാതെ വന്നത്‌.

തൊഴിലാളികളെ ദുരിതത്തില്‍ ആക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും കൊല്ലം എം.പിയുടെ അനാസ്‌ഥയ്‌ക്കെതിരെയും തൊഴിലാളികളെ അണിനിരത്തി സമരപരിപാടികളുമായി മുന്നോട്ടുപോകാനും ദുരിതത്തില്‍ ആയ തൊഴിലാളികള്‍ക്ക്‌ സഹായവും പിന്തുണയും നല്‍കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ബി. തുളസീധരകുറുപ്പ്‌, സെക്രട്ടറി എസ്‌.ജയമോഹന്‍ എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments