അതേ സമയം, കൊല്ലത്തിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന പ്രകൃതിയുടെ വശ്യസൗന്ദര്യമായ അഷ്ടമുടിക്കായൽ അനുദിനം ഇല്ലാതായികൊണ്ടിരിക്കുകയാണ്. കേരളത്തിൽ വലിപ്പംകൊണ്ട് വേമ്പനാട്ടിന് പിന്നിലാണെങ്കിലും ആഴംകൊണ്ട് ഒന്നാമതാണ് അഷ്ടമുടി. 2002 ൽ അഷ്ടുമുടി കായലിനെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയത് അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുമായിട്ടാണെങ്കിലും അതൊന്നും മനുഷ്യവർഗ്ഗം കേട്ട മട്ടില്ല. തേവള്ളിക്കായൽ , കണ്ടച്ചിറക്കായൽ, കുരീപ്പുഴക്കായൽ, തെക്കുംഭാഗം കായൽ, കല്ലടക്കായൽ, പെരുമൺ കായൽ, കുമ്പളത്തു കായൽ, കാഞ്ഞിരോട്ടു കായൽ എന്നിങ്ങനെ എട്ട് മുടികൾ ചേർന്ന അഷ്ടമുടിയുടെ കായൽ സൗന്ദര്യത്തെ മാലിന്യങ്ങളും അറുതിയില്ലാത്ത കയ്യേറ്റങ്ങളും ചേർന്ന് നശിപ്പിക്കുകയാണ്.
62 ചതുരശ്ര കിലോ മീറ്ററായിരുന്നു അഷ്ടമുടി കായലിൻ്റെ യഥാർത്ഥ വിസ്തൃതി. എന്നാൽ ഇന്നത് 32 ലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാറ കെട്ടി തിരിച്ചു കൊണ്ട് കോൺക്രീറ്റ് മതിലുകൾ പണിത് ഈ സ്ഥലം മണ്ണിട്ട് നികത്തിയാണ് കായൽ കയ്യേറ്റം. കയ്യേറ്റത്തിനെതിരെ 3000ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. രുചിക്കു പേരുകേട്ട കരിമീന് പുറമേ കൂഴാലി, കണമ്പ്, പ്രാച്ചി, കക്ക, പൂല, ചൂട, താട, കൂരി, മുരിങ്ങ തുടങ്ങിയ അഷ്ടമുടിയുടെ മത്സ്യ സമ്പത്ത് ഓരോന്നായി ഇല്ലാതാവുകയാണ്. കാൽ നൂറ്റാണ്ടിനിടെ പത്തിനം മത്സ്യങ്ങൾ പൂർണ്ണമായും ഇവിടെ അപ്രത്യക്ഷമായി.
0 Comments