banner

'ഗൈനക്കോളജിസ്റ്റ് കെ.വി പ്രീതയ്‌ക്കെതിരായ പരാതിയില്‍ കഴമ്പില്ല'; അതിജീവിതക്ക് എസിപിയുടെ മറുപടി the-complaint-against-gynecologist-kv-preetha-has-no-merit-acps-reply-to-survivor

കോഴിക്കോട് : ഐസിയു പീഡനക്കേസില്‍ അതിജീവിതക്ക് മെഡിക്കല്‍ കോളജ് എസിപിയുടെ മറുപടി. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്‌ക്കെതിരായ പരാതിയില്‍ കഴമ്പില്ല. കെ വി പ്രീത അന്വേഷണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും കത്തില്‍ പറയുന്നു. കെ വി പ്രീതയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. തുടര്‍ നടപടിയില്ലെന്നും മറുപടി കത്തില്‍ എസിപി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

കെ വി പ്രീതയുടെ പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും മൊഴി രേഖപ്പെടുത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും അതിജീവിത ആരോപിച്ചിരുന്നു. മെഡിക്കൽ കോളജിലെ ഐസിയു പീഡനത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ അതിജീവിത ഉന്നയിച്ചിരുന്നു. മൊഴി രേഖപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് കെ വി പ്രീത തൻ്റെ മൊഴി ഡോക്ടർ കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത ആരോപിച്ചിരുന്നു. അന്തിമ കുറ്റപത്രം കോടതിയിൽ നിന്നും ലഭിച്ചപ്പോൾ മാത്രമാണ് ഇക്കാര്യം മനസ്സിലായതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനും യുവതി പരാതി നൽകിയിരുന്നു.

മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരുന്നത്. ശശീന്ദ്രനെതിരെയും മൊഴിമാറ്റാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് എതിരെയും പൊലീസ് നേരത്തേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Post a Comment

0 Comments