banner

ഒരു മതത്തെയും ചെറുതാക്കി കാണാനാകില്ല...ഇൻഡ്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു!, ഉദയനിധി സ്റ്റാലിനെ പിന്തുണക്കാതെ കോൺ​ഗ്രസ്

ന്യൂഡൽഹി : സനാതന ധർമ്മ വിഷയത്തിൽ തമിഴ്നാട് മന്ത്രിമാരായ ഉ​​ദയനിധി സ്റ്റാലിനെയും എ രാജയെയും പിന്തുണക്കാതെ കോൺ​ഗ്രസ്. ഇൻഡ്യ മുന്നണി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണെന്ന് കോൺ​ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. എല്ലാ വിശ്വാസങ്ങൾക്കും അവരുടേതായ കാര്യങ്ങളുണ്ട്. എല്ലാ മതത്തിലുമുള്ള 'സർവധർമ സംഭവ'ത്തിലാണ് കോൺ​ഗ്രസ് വിശ്വസിക്കുന്നത്. ഒരു മതത്തെയും ചെറുതാക്കി കാണാനാകില്ല. ഭരണഘടനപ്രകാരം, മന്ത്രിമാർ നടത്തിയ അഭിപ്രായങ്ങളോട് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് യോജിക്കുന്നില്ലെന്നും ഖേര പറഞ്ഞു.

'ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷിയായ ഡിഎംകെയുമായി ബന്ധപ്പെട്ട് വിഷയം ഉയർത്തേണ്ടതില്ല. സഖ്യത്തിലെ എല്ലാ പാർട്ടികളും മതങ്ങളെ ബഹുമാനിക്കുന്നവരാണ്. ഇനി നിങ്ങൾക്ക് ആരുടെയെങ്കിലും പരാമർശങ്ങൾ വളച്ചൊടിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് അത് ചെയ്യാം. പ്രധാനമന്ത്രിക്കും പറഞ്ഞതിനെ വളച്ചൊടിക്കാം. ഇൻഡ്യ സഖ്യത്തിലെ ഓരോ അംഗത്തിനും എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും വലിയ ബഹുമാനമുണ്ട്'. പവൻ ഖേര പറഞ്ഞു.

ഉദയനിധി സ്റ്റാലിന് പിന്നാലെ തമിഴ്നാട് മന്ത്രി എ രാജയും സനാതനധർമ്മത്തിനെതിരായ പരാമർശവുമായി രം​ഗത്തെത്തിയിരുന്നു. സനാതന ധർമത്തെ എച്ച്ഐവിയോടും കുഷ്ടരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. സനാതന ധർമത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്നും രാജ ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Post a Comment

0 Comments