banner

സോഷ്യൽ മീഡിയയിൽ പിടിമുറുക്കാൻ കോൺഗ്രസ്!, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയാസെല്‍ പുനഃസംഘടിപ്പിച്ചു, പുതിയ രീതി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരീക്ഷിച്ചത്, ബൂത്ത് കമ്മിറ്റികള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകള്‍ സജ്ജീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡിജിറ്റല്‍ മീഡിയ സെല്‍ ശക്തിപ്പെടുത്താൻ കെ.പി.സി.സി. സംസ്ഥാനത്തെ 25,147 ബൂത്ത് കമ്മിറ്റികള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകള്‍ സജ്ജീകരിച്ച്‌ ഡിജിറ്റല്‍ മീഡിയ സംവിധാനം ശക്തിപ്പെടുത്തണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ഡി.സി.സി പ്രസിഡന്റുമാര്‍ക്കും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ക്കുമയച്ച സര്‍ക്കുലറില്‍ കെ.പി.സി.സി നിര്‍ദ്ദേശിച്ചു. ബൂത്തടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കുന്നതിനുള്‍പ്പെടെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ടാസ്ക്ഫോഴ്സിനെ ഉപയോഗിക്കണം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബൂത്തടിസ്ഥാനത്തില്‍ പരീക്ഷിച്ച്‌ വിജയിച്ച സംവിധാനമാണ് സംസ്ഥാനവ്യാപകമാക്കുന്നത്.

ഡിജിറ്റല്‍ മീഡിയ സെല്ലിന് കീഴിലേക്ക് ഓരോ ജില്ലയില്‍ നിന്നും 5 പേരെ വീതമുള്‍പ്പെടുത്തി ജില്ലാതല ടാസ്ക് ഫോഴ്സും ഓരോ അസംബ്ലി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 പേരെ വീതമുള്‍പ്പെടുത്തി 700 പേരടങ്ങുന്ന അസംബ്ലി മണ്ഡലം ടാസ്ക്ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. ടാസ്ക്ഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ എതിരെ പ്രചാരണങ്ങള്‍ക്ക് മുതിരുന്നില്ലെന്നും വിവാദവിഷയങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശം വരാതെ നവമാദ്ധ്യമങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നുമുറപ്പാക്കണം. വി.ടി. ബല്‍റാം ചെയര്‍മാനും ഡോ.പി. സരിൻ കണ്‍വീനറുമായാണ് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയാസെല്‍ പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments