പുതുപ്പള്ളി : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മികച്ച വിജയത്തിന് പിന്നാലെ മധുരപ്രതികാരവുമായി കോൺഗ്രസ് പ്രവർത്തകർ. സാധാരണ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുക ലഡ്ഡു വിതരണം ചെയ്താണ്. എന്നാൽ ചാണ്ടിയുടെ വിജയം ഉറപ്പിച്ച കോൺഗ്രസ് പ്രവർത്തകർ നാരങ്ങാമിഠായി വിതരണം ചെയ്താണ് ആഘോഷം നടത്തിയത്.
തിരഞ്ഞെടുപ്പ് കാലത്ത് ചാനൽ ചർച്ചക്കിടെ പലരും പറഞ്ഞ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു വോട്ടെണ്ണൽ കേന്ദ്രമായ ബസേലിയസ് കോളേജിന് മുന്നിലെ വിജയാഘോഷം. പുതുപ്പള്ളിയിൽ വികസനം ഇല്ലെന്നും കാര്യങ്ങളെല്ലാം പഴയ പടിയാണെന്നും തട്ട് ഇട്ട ജോസേട്ടന്റെ കടയിലെ നാരങ്ങാമിട്ടായി ഇപ്പോഴും കിട്ടുമെന്നുമായിരുന്നു വിമർശനം ഉയർന്നത്. 53 വർഷം ഭരിച്ച ഉമ്മൻ ചാണ്ടി മണ്ഡലത്തിൽ വികസനം നടത്തിയിട്ടില്ലെന്നും ഇടതുമുന്നണി വ്യാപക വിമർശനം ഉയർത്തിയിരുന്നു.
ചാണ്ടി ഉമ്മന്റെ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയം ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടിയായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. പഴയ പുതുപ്പള്ളിയിലും പുതിയ പുതുപ്പള്ളിയിലും നാരങ്ങാമിട്ടായി കിട്ടും എന്ന പ്രഖ്യാപനത്തോടെയായിരുന്നു കോൺഗ്രസ് പ്രവ്രർത്തകരുടെ മധുരപ്രതികാരം. ജോസേട്ടന്റെ കടയിലെ നാരങ്ങാ മിട്ടായി എന്നെഴുതി ഒട്ടിച്ച കുപ്പിയിലായിരുന്നു നാരങ്ങാമിട്ടായി വിതരണം. കൈതോലപ്പായും ചെമ്പുമൊക്ക കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനങ്ങളിൽ ഇടം പിടിച്ചിരുന്നു
0 Comments