banner

ജനങ്ങളുമായി സംവദിക്കാനാണ് ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങുന്നത്!, മണ്ഡലം സദസ് ചരിത്ര വിജയമാകുമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തുന്ന മണ്ഡല സദസ്സ് ചരിത്ര വിജയമാകുമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ജനങ്ങളുമായി സംവദിക്കാനാണ് ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങുന്നത്. മണ്ഡല സദസ്സിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സിൽ മന്ത്രിമാർ സഞ്ചരിക്കുന്നതിൽ വിലക്കുണ്ടോ എന്നും എ കെ ബാലൻ ചോദിച്ചു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐയുടെ അഭിപ്രായം സിപിഐയോട് തന്നെ ചോദിക്കണം. കേരളത്തിന് ഒന്നും കൊടുക്കരുത് എന്ന കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം വി മുരളീധരന്റെ നിലപാടാണ്. ഈ നിലപാടിനെ യുഡിഎഫ് അനുകൂലിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അഴീക്കോടൻ രാഘവനെ വേട്ടയാടിയതുപോലെ പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുന്നുവെന്നും എ കെ ബാലൻ പറഞ്ഞു. സഖാഖ് പിണറായി വിജയന്റെ അക്ഷീണ പ്രവർത്തനമാണ് വീണ്ടും എൽഡിഎഫ് ഭരണം വരാൻ കാരണമെന്നും എ കെ ബാലൻ വ്യക്തമാക്കി.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ വലിയ പരിപാടികളാണ്‌ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്‌. കോണ്‍ഗ്രസ്‌ പ്രതിനിധികള്‍ ഉള്‍പ്പടെ സംഘാടക സമിതിയില്‍ അംഗങ്ങളാണ്‌. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ്‌ സര്‍ക്കാര്‍ മണ്ഡലം സദസ്സുകള്‍ സംഘടിപ്പിക്കുന്നത്‌. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിധത്തിലാണ്‌ പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്‌ചയും മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജനസദസ്സും നടത്താനാണ്‌ തീരുമാനം.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന്‌ മുതല്‍ ഒരാഴ്‌ചയാണ്‌ 'കേരളീയം' സംഘടിപ്പിക്കുന്നത്‌. കേരളത്തിന്റെ നേട്ടം ജനങ്ങളിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറാണ്‌ മുഖ്യപരിപാടി. പ്രവാസി മലയാളികള്‍ കേരളീയത്തിന്റെ ഭാഗമാകണമെന്നും, കേരളീയത്തിന്റെ തുടര്‍പതിപ്പുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനെ പോലും അറിയിച്ചിട്ടില്ലെന്ന്‌ പരാതിയുണ്ട്‌. നിലവില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പരിപാടിയെ എതിര്‍ക്കാനാണ്‌ പ്രതിപക്ഷത്തിന്റെ തീരുമാനം.

Post a Comment

0 Comments