ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ മൊറോക്കോയിലെ തൻ്റെ ഹോട്ടൽ വിട്ടുനൽകി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ ആഡംബര ഹോട്ടലാണ് ദുരന്തബാധിതർക്കായി താരം തുറന്നുനല്കിയിരിക്കുന്നത്. ഇതാദ്യമായല്ല പോർച്ചുഗീസ് സൂപ്പർ താരം പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് സഹായവുമായി എത്തുന്നത്. തുർക്കി-സിറിയ ദുരിതബാധിതർക്കായി ഒരു വിമാനം നിറയെ സാധനങ്ങൾ റൊണാൾഡോ അയച്ചിരുന്നു.
അതേസമയം മൊറോക്കോയിലെ ഹൈ അറ്റ്ലസ് പര്‍വതങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു. ദുരന്തത്തില്‍ 2,059 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദുരന്തം മാരാക്കേച്ചിലും പരിസര പ്രദേശങ്ങളിലും 300,000-ത്തിലധികം ആളുകളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2000ലധികം പേരുടെ മരണത്തിനിടയാക്കിയ മൊറോക്കോ ഭൂകമ്പത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദുഃഖം രേഖപ്പെടുത്തി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ഉണ്ടായ ജീവഹാനിയിലും വന്‍ നാശനഷ്ടങ്ങളിലും താന്‍ അതീവ ദുഃഖിതനാണെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൊറോക്കോയ്ക്ക് ”സാധ്യമായ എല്ലാ സഹായവും” വാഗ്ദാനം ചെയ്തു. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനയുണ്ട്. ഈ ദുരന്തസമയത്ത്, എന്റെ ചിന്തകള്‍ മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു.
0 Comments