banner

നിക്ഷേപം പിൻവലിക്കാൻ അയ്യന്തോൾ ബാങ്കിന് മുന്നിൽ ജനക്കൂട്ടം; ആശങ്ക വേണ്ടെന്ന് ബാങ്ക് പ്രസിഡന്റ്

തൃശൂർ : അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലെ ഇഡി റെയ്ഡിന് പിന്നാലെ നിക്ഷേപം പിൻവലിക്കാൻ ജനക്കൂട്ടം. നിരവധി പേരാണ് രാവിലെ ബാങ്കിന് മുന്നിൽ നിക്ഷേപം പിൻവലിക്കാൻ കൂടിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ബാങ്ക് പ്രസിഡണ്ട് റിപ്പോർട്ടറിനോട് പറഞ്ഞു. സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് ഇഡി വന്നത്. ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചു. എല്ലാവരുടെയും നിക്ഷേപം സുരക്ഷിതമാണെന്നും ഇവിടെ തട്ടിപ്പ് നടന്നില്ലെന്നും അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് അറിയിച്ചു. റെയ്ഡിന് പിന്നാലെ അയ്യന്തോൾ ബാങ്കിലേക്ക് യുഡിഎഫ് മാർച്ച് നടത്തി.

ബാങ്കിൽ 24 മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് അവസാനിച്ചു. കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിലാണ് അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിലടക്കം ഒമ്പത് ഇടത്ത് റെയ്ഡ് നടന്നത്. അതേസമയം, ഇ ഡി നടത്തിയത് ആസൂത്രിത നീക്കമെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് രവീന്ദ്രനാഥൻ റിപ്പോർട്ടറിനോട് പറഞ്ഞു.

കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് ആരോപണം. ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയെന്നും രവീന്ദ്രനാഥൻ റിപ്പോർട്ടറിനോട് പറഞ്ഞു. '40 കോടി വെളുപ്പിച്ചു എന്ന തെറ്റായ കണക്കാണ് പുറത്ത് പറഞ്ഞത്. ഒരു കോടിയൊക്കെ കാണുമായിരിക്കും. അല്ലാതെ ക്രെഡിറ്റ്സും ഡെബിറ്റ്സും ഒരുമിച്ചു നോക്കിയാൽ പോലും അത്രയും ഉണ്ടാകില്ല. ബാങ്കിലെ സോഫ്റ്റ്‌വെയർ ശരിയല്ല എന്നും ഇ ഡി കുറ്റപ്പെടുത്തി. സതീഷ് കുമാർ ഒരു ദിവസം 24 തവണ ഡെപ്പോസിറ്റ് ചെയ്തിരുന്നു. അത് നിഷേധിക്കാൻ ബാങ്കിന് ആവില്ല. ടേൺ ഓവർ വരുമ്പോൾ ഒരു കോടി അടുത്തു വരും,' രവീന്ദ്രനാഥൻ വിശദീകരിച്ചു. മണലൂർ സ്വദേശി ദത്തു, ഗംഗാദേവി എന്നിവരുടെയൊക്കെ പണം ചാനലൈസ്ഡ് ചെയ്തിട്ടുണ്ട്. ഇതൊക്കെ സതീശൻ പറഞ്ഞിട്ട് വന്നതാവും. ഇവിടുത്തെ സിസ്റ്റം പോലും കയ്യിലെടുക്കാൻ സാധിക്കുന്ന ആളാണ് സതീശനെന്നും അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

Post a Comment

0 Comments