banner

സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി ജോര്‍ജ് അന്തരിച്ചു!, രാമു കാര്യാട്ടിന്റെ സഹായിയായി സിനിമാ ലോകത്തേക്ക്, പഞ്ചവടിപ്പാലം ഉൾപ്പെടെ നിരവധി സിനിമകൾ, കെ.ജി ജോര്‍ജ് വിട പറയുമ്പോൾ


കൊച്ചി : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലയാള സിനിമാ ചരിത്രത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കെ ജി ജോര്‍ജ്. കാലത്തിന് മുന്നേ സഞ്ചരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വിസ്മയമാണ്. യവനിക, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.

1976ലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ സ്വപ്‌നാടനം പുറത്തിറങ്ങുന്നത്. 1974ല്‍ പുറത്തിറങ്ങിയ 'നെല്ലി'ന്റെ തിരക്കഥ നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. ഇരുപതോളം ചിത്രങ്ങളാണ് കെ ജി ജോര്‍ജിന്റേതായി എത്തിയിട്ടുള്ളതെങ്കിലും മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്. വ്യവസ്ഥാപിതമായ മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമയും അതിലെ കഥാപാത്രങ്ങളും.

ആദ്യ ചിത്രമായ സ്വപ്‌നാടനത്തിന് ദേശീയ പുരസ്‌കാരവും യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചു. 2016ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി.

സാമുവല്‍- അന്നാമ്മ ദമ്പതികളുടെ മകനായി 1945 മെയ് 24ന് തിരുവല്ലയിലായിരുന്നു ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സിനിമാ പഠനം പൂര്‍ത്തിയാക്കിയത്. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായി ആയിരുന്നു സിനിമയിലെ അരങ്ങേറ്റം.

ഗായിക സല്‍മയുമായി 1977ലായിരുന്നു വിവാഹം. അരുണ്‍, താര എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments