കൊല്ലം : വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ ഇരുചക്ര വാഹന യാത്രികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വടക്കേവിള കൊച്ചു കാവഴികത്ത് നാദിർഷയാണ് (26) ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ഇരവിപുരം സ്വദേശിയായ സെയ്ദലി സുഹൃത്തായ ബിലാലിനൊപ്പം പോളയത്തോട് നിന്നു ബൈക്കിൽ പള്ളിമുക്ക് ഭാഗത്തേക്ക് പോകുന്നതിനിടെ പിന്നിൽ വന്ന പിക്കപ്പ് വാൻ തുടർച്ചയായി ഹോൺ മുഴക്കി. തുടർന്ന് ഇവർ ബൈക്ക് റോഡരികിലേക്ക് ഒതുക്കി നിറുത്തി.
പിക്കപ്പ് വാനിലെ ഡ്രൈവറായ നാദിർഷ ഇറങ്ങിവന്ന് സെയ്ദലിയെയും സുഹൃത്തിനെയും അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടർന്ന്‌സെയ്ദലി ഇരവിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ ജയേഷ്, സക്കീർ, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments