banner

നിര്‍ദ്ദേശം അവഗണിച്ച് കോടതി പരിസരത്ത് മുദ്രാവാക്യം മുഴക്കി ഗ്രോവാസു; കേസില്‍ കോടതി നാളെ വിധി പറയും

കോഴിക്കോട് : കോടതി നിര്‍ദ്ദേശം അവഗണിച്ച് കോടതി പരിസരത്ത് മുദ്രാവാക്യം മുഴക്കി ഗ്രോവാസു; കേസില്‍ കോടതി നാളെ വിധി പറയും ശം ലംഘിച്ച് കോടതി പരിസരത്ത് മുദ്രാവാക്യം വിളിച്ച് ഗ്രോവാസു. 2016ല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച കേസില്‍ വാദത്തിനായി കോഴിക്കോട് കുന്നമംഗലം കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഗ്രോവാസു മുദ്രാവാക്യം മുഴക്കിയത്. കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിക്കാതെയാണ് ഗ്രോവാസു ഇന്നും മുദ്രാവാക്യം മുഴക്കിയത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി, പറയാനുള്ള കാര്യങ്ങള്‍ ഇന്ന് പറയാമെന്ന് കോടതി അറിയിച്ചിരുന്നുവെങ്കിലും നേരിട്ടെത്താമെന്ന് ഗ്രോ വാസു നിലപാട് സ്വീകരിക്കുകയായിരുന്നു. അജിതയ്ക്കും കുപ്പുദേവരാജിനും അഭിവാദ്യങ്ങളെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞു.

മാവോയിസ്റ്റുകളെ ചതിയിലൂടെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന് സാക്ഷിമൊഴി വായിച്ചു കേട്ടതിന് ശേഷം ഇന്നലെ ഗ്രോ വാസു കോടതിയില്‍ പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ചെന്നാണ് കേസ്. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാല്‍ ഒരു മാസത്തിലേറെയായി ഗ്രോവാസു റിമാന്‍ഡില്‍ കഴിയുകയാണ്. കേസില്‍ കോടതി നാളെ വിധി പറയും

2016 ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ജൂലൈ 29ന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എല്‍പി വാറണ്ടും നിലവിലുണ്ടായിരുന്നു.

നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ, അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടായിരുന്നു ഗ്രോ വാസുവിൻ്റേത്. പിഴ അടയ്ക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു.

പതിനായിരം രൂപ ജാമ്യത്തുക കെട്ടി വയ്ക്കാന്‍ കോടതി ഗ്രോ വാസുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യാജ ഏറ്റുമുട്ടലില്‍ പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തവർക്കെതിരെയല്ല, ആ കുറ്റം ചെയ്തവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ഗ്രോ വാസു കോടതിയിൽ നിലപാട് സ്വീകരിക്കുകയായിരുന്നു. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.

തുടർന്ന് മജിസ്ട്രേറ്റ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടെങ്കിലും കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ ഗ്രോവാസു തയ്യാറായില്ല. സുഹൃത്തുക്കളടക്കമുള്ളവര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗ്രോ വാസു വഴങ്ങിയില്ല. ഒടുവില്‍ അദ്ദേഹത്തെ റിമാന്റ് ചെയ്ത് കോഴിക്കോട് പുതിയറ സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments