പ്രശസ്ത ബോളിവുഡ് താരം അനില്‍ കപൂറിന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ പേര്, ചിത്രം, ശബ്ദം എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. അനില്‍ കപൂര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.പേര്, ശബ്ദം, ഒപ്പ്, ചിത്രം, എന്നിവ ഒരുപാട് സോഷ്യല്‍ മീഡിയ ചാനലുകളും വെബ്സൈറ്റുകളും മൊബൈല്‍ ആപ്പുകളും സമ്മതമില്ലാതെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തിത്വ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം തടയണമെന്നാവശ്യപ്പെട്ടായിരുന്നു നടന്റെ ഹര്‍ജി.
മറ്റുള്ളവർ ഇവ ഉപയോഗിക്കുന്നതിന് സ്ഥിരമായി വിലക്ക് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പ്രതിഭ എം സിങ്ങ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടന്റെ ചിത്രം മോര്‍ഫ് ചെയ്യുന്നതും അദ്ദേഹത്തിന്റെ സ്വകാര്യത ലംഘിച്ച് വാണിജ്യ താല്‍പര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
ഇതിനുപുറമെ നടന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തോട് കോടതി ശുപാര്‍ശ ചെയ്തു. മാത്രമല്ല ഇത്തരം വീഡിയോകളും ലിങ്കുകളും ഇനി മുതല്‍ ആരും ഷെയര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
0 Comments