Latest Posts

ഇടുക്കി അണക്കെട്ടിലെ സുരക്ഷാ വീഴ്ച്ച!, ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി പരിശോധന നടത്തും

ഇടുക്കി : അണക്കെട്ടിലെ സുരക്ഷാ വീഴ്ചയെ കുറിച്ചറിയാന്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി പരിശോന നടത്താന്‍ തീരുമാനം. സന്ദര്‍ശകര്‍ക്ക് ഡാമിലേക്ക് അനുമതിയില്ലാത്ത ബുധനാഴ്ച ആയിരിക്കും ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി പരിശോധന നടത്തുക. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന രണ്ട് താല്‍ക്കാലിക ജീവനക്കാരെ മാറ്റി പകരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്

ജൂലൈ 22 ന് പകല്‍ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് അണക്കെട്ടിലെ 11 സ്ഥലങ്ങളില്‍ താഴ് ഉപയോഗിച്ച് പൂട്ടുക ആയിരുന്നു. ഹൈമാസ്സ് ലെറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ സ്ഥാപിച്ചത്. അമര്‍ത്തുമ്പോള്‍ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ താഴുകള്‍ കാണുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. യുവാവ് കടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. അണക്കെട്ടില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തി. കെഎസ്ഇബിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണ് പ്രതിയെന്ന് കണ്ടെത്തിയത്.

വാടകയ്ക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാള്‍ക്ക് കാര്‍ വാടകക്ക് എടുത്ത് നല്‍കിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനായി പോലീസ് ഊര്‍ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ടേക്കും.

0 Comments

Headline