banner

ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ജ്യോത്സ്യന്റെ സഹായം തേടി!, ചില താരങ്ങൾ ടീമിൽ ഇടം പിടിക്കാതെ പോയത് ജോത്സ്യന്റെ ഉപദേശപ്രകാരം, പരിശീലകൻ സ്റ്റിമാകിനെതിരെ റിപ്പോർട്ട്

ഡൽഹി : ഏഷ്യൻ കപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാക് ജ്യോത്സ്യന്റെ സഹായം തേടിയതായി റിപ്പോർട്ട്. യോ​ഗ്യതാ മത്സരങ്ങൾക്ക് മുമ്പായി ഡൽഹി സ്വദേശി ബുപേഷ് ശർമ്മ എന്ന ജോത്സ്യൻ ഇന്ത്യൻ ടീമിന്റെ ലിസ്റ്റ് സ്റ്റിമാകിന് അയച്ചുകൊടുക്കും. അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ അപ്രതിക്ഷിതമായി ചില താരങ്ങൾ ടീമിൽ ഇടം പിടിക്കാതെ പോയത് ജോത്സ്യന്റെ ഉപദേശപ്രകാരമെന്നാണ് റിപ്പോർട്ട്.

ഒന്നിലധികം തവണ സ്റ്റിമാകും ബുപേഷും തമ്മിൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് നീണ്ട ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ട് പറയുന്നു. യോ​ഗ്യതാ മത്സരങ്ങൾക്ക് മുമ്പ് മെയ് അവസാനം ഇന്ത്യയും ജോർദാനും തമ്മിൽ സൗഹൃദ മത്സരം നടന്നിരുന്നു. ഈ മത്സരത്തിന് മുമ്പായും ഇന്ത്യൻ പരിശീലകൻ ബുപേഷിന് സന്ദേശം അയച്ചു. താരങ്ങളുടെ നക്ഷത്രം അനുസരിച്ചാണ് അന്ന് ടീം തിരഞ്ഞെടുപ്പ് നടന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോത്സ്യന്റെ നിർദേശ പ്രകാരം മധ്യനിരയിലെ ഒരു താരം തഴയപ്പെട്ടു.

എഐഎഫ്എഫിന്റെ മുൻ സെക്രട്ടറി കുശൽ ദാസാണ് ബുപേഷിനെ സ്റ്റിമാകിന് പരിചയപ്പെടുത്തി കൊടുത്തത്. അഫ്​ഗാനിസ്താൻ, ഹോങ്കോങ് ടീമുകൾക്കെതിരായ മത്സരങ്ങൾക്ക് മുമ്പും ഇത്തരം ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. മത്സരങ്ങളിൽ ഇന്ത്യ ജയിക്കുകയും ഏഷ്യൻ കപ്പിന് യോ​ഗ്യത നേടുകയും ചെയ്തിരുന്നു. മത്സരത്തിന് മുമ്പായി ടീം അം​ഗങ്ങളുടെ വിവരം പുറത്ത് വിടാൻ പാടില്ല. ഇങ്ങനെ നടന്നാൽ ഇന്ത്യൻ ടീമിന്റെ തന്ത്രങ്ങളടക്കം എതിരാളികൾ മനസിലാക്കാൻ സാധ്യതയുണ്ട്. ഈ വർഷം ഇ​ഗോർ സ്റ്റിമാകിന്റെ കീഴിൽ ഇന്ത്യൻ ടീം മികച്ച മുന്നേറ്റം നടത്തുന്നതിനിടെയാണ് അമ്പരപ്പിക്കുന്ന റിപ്പോർട്ട്.

Post a Comment

0 Comments