banner

ഇത്ര കഷ്ടകാലം പിടിച്ചൊരു നാടുണ്ടോ?... 'അഞ്ചാലുംമൂട് ' അല്ലാതെ!, കാത്തിരിക്കാൻ ഒരു വശത്ത് കോടികൾ മുടക്കിയ ബസ് സ്റ്റോപ്പ്, മറുവശത്ത് കാറ്റും മഴയും നനഞ്ഞ് കുറേ ജനം, ഉള്ളത് പുതുക്കി പണിഞ്ഞ് കേമന്മാരാവുന്നവരോട്... ഞങ്ങൾക്കും വേണം ബസ് സ്റ്റോപ്പെന്ന് ജനങ്ങൾ, അഷ്ടമുടി ലൈവ് വാർത്താ പരമ്പര ആരംഭിക്കുന്നു - 'കാത്ത് നിൽക്കാനെങ്കിലും വേണം ഒരു കാത്തിരിപ്പ് കേന്ദ്രം'


അഞ്ചാലുംമൂട് : കുണ്ടറ ഭാഗത്തേക്കും മറ്റും പോകാനായി ജനങ്ങൾ ആശ്രയിക്കുന്ന അഞ്ചാലുംമൂട്ടിലെ ബസ് സ്റ്റോപ്പിന് ഒരു കാത്തിരിപ്പുകേന്ദ്രമില്ല. ദിനേന ആയിരക്കണക്കിന് ആളുകൾ തിങ്ങിനിറയുന്ന ബസ് സ്റ്റോപ്പിനാണ് ഈ ദുരവസ്ഥ. വെയിലും മഴയും കൊണ്ട് പതിറ്റാണ്ടുകളായി സാധാരണ ജനങ്ങൾ ഇവിടെ നിന്നാണ് പരിഭവങ്ങളില്ലാതെ ബസ് കയറുന്നത്. എന്നിട്ടും മാറി മാറി എത്തിയ ഡിവിഷൻ കൗൺസിലർമാർക്കോ കോർപ്പറേഷൻ ഭരണ സമിതികൾക്കോ യാതൊരു കുലുക്കവുമില്ല. അവർ ഒന്നും അറിയാത്ത മട്ടിൽ മുന്നോട്ടു പോകുകയാണ്.

എവിടെയാണ് സ്ഥലം.. 

എവിടെയാണ് ബസ് സ്റ്റോപ്പ് പണിയുന്നതിന് സ്ഥലമെന്ന് ചോദിക്കുന്നവരോട് ഈ ചോദ്യമൊരു പ്രഹസനല്ലെ എന്നാണ് മറുചോദ്യം. വർഷങ്ങളായി കാത്തിരിക്കുന്ന ദേശീയ പാത വികസനം വരുമ്പോൾ നമ്മൾ എങ്ങനെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുക?. അതിന് കോർപ്പറേഷനും ഭരണാധികാരികളും തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ എന്ത് കൊണ്ട് ഇപ്പോൾ പ്രായോഗികമല്ല എന്ന ചോദ്യമാണ് ജനങ്ങൾ ചോദിക്കുന്നത്.

പാഞ്ഞു പോകുന്നത് കോട്ടയം ഫാസ്റ്റ് മുതൽ ചെങ്ങന്നൂർ ലിമിറ്റഡ് സ്റ്റോപ്പ് വരെ...

ഈ പാതയിലൂടെ കുണ്ടറയും മങ്ങാടും ബന്ധിപ്പിച്ച് കോട്ടയം ഫാസ്റ്റ് മുതൽ ചെങ്ങന്നൂർ ലിമിറ്റഡ് സ്റ്റോപ്പ് വരെ കെ.എസ്.ആർ.ടി.സിയുടെ നിരവധി സർവ്വീസുകളാണ് ഉള്ളത്. അഞ്ചാലുംമൂടെത്തിയാൽ വികസനത്തിന് ഇത്രയും പിന്നോക്കം നില്ക്കുന്ന ഒരു നാടുണ്ടോയെന്ന് തോന്നിപ്പോകാറുണ്ടെന്നും കൊല്ലം കോർപ്പറേഷൻ കടുത്ത അവഗണനയാണ് അഞ്ചാലുംമൂടിനോട് കാണിക്കുന്നതെന്ന് വിചാരിക്കുന്നതായും കെ.എസ്.ആർ.ടി.സിയുടെ ചെങ്ങന്നൂർ ബസിൻ്റെ സ്ഥിരം യാത്രക്കാരനായ അഞ്ചാലുംമൂട് സ്വദേശി അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. കാറ്റും മഴയും വന്നാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളാണ് ആശ്രയം വ്യാപാരികൾ ഒന്നും പറയാറില്ലെങ്കിലും ഞങ്ങളുടെ നില്പ് പലപ്പോഴും അവരുടെ കച്ചവടങ്ങളെ ബാധിക്കാറുണ്ടെന്ന് മനസ്സിലാക്കി മഴ നനഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കാത്ത് നിൽക്കാനെങ്കിലും വേണം ഒരു കാത്തിരിപ്പ് കേന്ദ്രം' - അഷ്ടമുടി ലൈവ് വാർത്താ പരമ്പര ആരംഭിക്കുന്നു...

രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേരുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാകും അഷ്ടമുടി ലൈവ് വാർത്താ പരമ്പര തുടക്കം കുറിക്കുക. ചടയമംഗലത്ത് നിന്നുള്ള ജനപ്രതിനിധിയും നീരാവിൽ സ്വദേശിനിയുമായ മന്ത്രി ചിഞ്ചു റാണിയുടെയും കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റിൻ്റെയും ഉൾപ്പെടെ നിരവധി പ്രതികരണങ്ങളാണ് ഈ അവസരത്തിൽ പ്രതീക്ഷിക്കുക.

إرسال تعليق

0 تعليقات