banner

നിപ സംശയത്തോടെ രണ്ടു പേർ മരിച്ച സംഭവം!, സമ്പർക്കം പുലർത്തിയവരുടെ ഫലം ഇന്ന് ലഭിക്കും


കോഴിക്കോട് : കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഇവ. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഉന്നതതല യോഗം ചേരും.

സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും.

അതേസമയം രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്. 2021 ൽ വീണ്ടും നിപ ബാധ റിപ്പോർട്ട് ചെയ്തു. ഒരു ജീവൻ അപ്പോഴും നഷ്ടമായി.

Post a Comment

0 Comments