banner

ശൂരനാട് പുലിക്കുളം കോളനിയിൽ പോലീസ് അതിക്രമം നടത്തി!, അതിക്രമം അഴിച്ചുവിട്ടത് തിരുവോണ ദിവസം പുലർച്ചെ, പൊലീസ് സംഘം കാഴ്ചക്കാർക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി, മജിസ്ട്രേറ്റിന്റെ നിർദ്ദേശ പ്രകാരം ചികിത്സയ്‌ക്കെത്തിയവരെ തടഞ്ഞു, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്.സി - എസ്.ടി ഫെഡറേഷൻ്റെ പരാതി


കൊല്ലം : ശൂരനാട് വടക്ക് പുലിക്കുളം കോളനിയിൽ തിരുവോണ ദിവസം പുലർച്ചെ അതിക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് എസ്.സി, എസ്.ടി ഫെഡറേഷൻ ആവശ്യപ്പെട്ടു. എസ്.സി, എസ്.ടി ഫെഡറേഷന്റെ പരാതി ഇങ്ങനെ. കോളനിയിലെ ക്ഷേത്രാങ്കണത്തിൽ തിരുവാതിരക്കളി നടക്കവേ ശൂരനാട് എസ്.ഐയുടേ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാഴ്ചക്കാർക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. ഭയന്നോടിയ പലർക്കും വീണു പരിക്കേറ്റു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ലൈറ്റുകൾ തകർത്തു. സ്ഥലത്തുണ്ടായിരുന്നവർക്ക് നേരെ അസഭ്യവർഷം നടത്തി. ആദ്യമെത്തിയ പൊലീസുകാർ തങ്ങളെ ആക്രമിച്ചുവെന്ന് വ്യാജസന്ദേശം നൽകിയതോടെ കൂടുതൽ പൊലീസ് ജീപ്പുകൾ സ്ഥലത്തെത്തി. പിന്നീട് കോളനി നിവാസികൾക്കും ബഹളം കേട്ട് എത്തിയവർക്കും നേരെ ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. നിലത്ത് വീണവരെ ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തു. അടിയേറ്റ് പല്ല് പോയവരെ അടക്കം കസ്റ്രഡിയിൽ എടുത്ത് പൊലീസിനെ ആക്രമിച്ചുവെന്ന പേരിൽ കേസെടുത്തു.

അക്രമം നടക്കുമ്പോൾ പൊലീസ് കോളനിവാസികളെ ജാതീയമായും അധിക്ഷേപിച്ചിരുന്നു. മജിസ്ട്രേറ്റിന്റെ നിർദ്ദേശ പ്രകാരം ശാസ്താംകോട്ട ഗവ. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കോളനിവാസികളെ പൊലീസ് അവിടെയെത്തി തടഞ്ഞു. പിന്നീട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടാൻ ശ്രമിച്ചപ്പോൾ പൊലീസ് അവിടെയെത്തിയും പ്രതിരോധം തീർത്തതായി പരാതിയിൽ പറയുന്നു.

Post a Comment

0 Comments