തിരുവല്ല : സി.പി.എം ഭരിക്കുന്ന തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ബാങ്ക് ജീവനക്കാരിയും മറ്റ് ചിലരും ചേർന്ന് കൈക്കലാക്കിയെന്ന് പരാതി. സംഭവത്തിൽ തിരുവല്ല മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകൾ നീന മോഹനും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു.
2015 ലാണ് വിജയലക്ഷ്മി മൂന്നര ലക്ഷം രൂപ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വർഷത്തിനുശേഷം പലിശ സഹിതം ആറര ലക്ഷം കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോൾ അക്കൗണ്ട് കാലി.
2022 ഒക്ടോബർ മാസത്തിൽ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം മറ്റാരോ മുൻപേ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതായി അറിയുന്നത്. ബാങ്ക് നടത്തിയ പരിശോധനയിൽ ജീവനക്കാരിയായ പ്രീത ഹരിദാസ് ആണ് നിക്ഷേപകയുടെ വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കിയത് എന്ന് വ്യക്തമായിരുന്നു. തുടർന്ന് ബാങ്ക് ചെയർമാൻ ആർ സനൽ കുമാറിന്റെ നിർദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി ആയിരുന്ന ടി രാജപ്പന് വിജയലക്ഷ്മിയും നീനയും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഓഫീസിൽ ഹാജരായ പ്രീത ഹരിദാസ് മൂന്ന് മാസത്തിനകം തട്ടിയെടുത്ത തുക തിരിച്ച് നൽകാം എന്ന ഉറപ്പ് നൽകി ചെക്കും പ്രോമിസറിനോട്ടും നൽകിയതായും ഇവ കൈവശം ഉള്ളതായും പരാതിക്കാരി പറഞ്ഞു. എന്നാൽ പൊലീസിൽ പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും തുക മടക്കി ലഭിക്കാതെ വന്ന സാഹചര്യത്തിൽ പരാതിക്കാരി സഹകരണ രജിസ്ട്രാർക്ക് പരാതി ഇമെയിൽ ആയി നൽകി.
സഹകരണ രജിസ്റ്റർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരുടെ ആവലാതി സത്യമാണെന്ന് ബോധ്യമാവുകയും ഏഴ് ദിവസത്തിനകം നിക്ഷേപകയുടെ പണം തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ വിജയകുമാരി വീണ്ടും സഹകരണ രജിസ്ട്രാർക്ക് പരാതി അയച്ചു. ഏഴ് ദിവസത്തിനകം പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ നോട്ടീസും സഹകരണ രജിസ്ട്രാർക്ക് നൽകി. എന്നാൽ ഇതുവരെയും നിക്ഷേപത്തുക മടക്കി നൽകാൻ ബാങ്ക് തയ്യാറായിട്ടില്ല എന്നതാണ് പരാതിക്കാരി പറയുന്നത്.
അതേസമയം പണം തട്ടിയ ജീവനക്കാരിയെ പുറത്താക്കിയെന്നും നഷ്ടമായ പണം നൽകേണ്ട ബാധ്യത ബാങ്കിനില്ലെന്നുമാണ് ബാങ്ക് ചെയർമാൻ ആർ സനൽകുമാറിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം ഉള്ള അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണം എന്നതാണ് പരാതിക്കാരിയുടെ ആവശ്യം.
0 Comments