banner

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച കാനഡയുടെ നടപടി!, ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചേക്കും, അന്വേഷണത്തിനായി പോകാനിരുന്ന എൻഐഎ സംഘത്തിന്റെ കാനഡ യാത്ര മാറ്റിവയ്ക്കും

ഡൽഹി : ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എൻഐഎ സംഘത്തിന്റെ കാനഡ യാത്ര മാറ്റിവയ്ക്കും. ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയിലെടുത്ത കേസുകൾ അന്വേഷിക്കാനാണ് എൻഐഎ കാനഡയിലേക്ക് പോകാനിരുന്നത്. ഇതിന് മുൻപ് രണ്ട് എൻഐഎ സംഘങ്ങൾ അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് എന്നിവയാണ് ദേശീയ അന്വേഷണ ഏജൻസി കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്.

കനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് കാനഡ രംഗത്തെത്തിയതോടെയാണ് പ്രശ്നം രൂക്ഷമാകുന്നത്. ഇതിന് പിന്നാലെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്നോണം മുതി‍ർന്ന കനേഡിയൻ നയതന്ത്ര ഉദ്യോ​ഗസ്ഥനെ ഇന്ത്യയും പുറത്താക്കി.

കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി നിലപാട് സ്വീകരിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആരോപിച്ചിരുന്നു.

എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നാണ് ഇന്ത്യയുടെ വിശദീകരണം. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായി തിരിച്ചടിച്ചിരുന്നു. ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് കാനഡയില്‍ അഭയം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ച വിദേശകാര്യ മന്ത്രാലയം കാനഡയുടെ ശ്രമം ഇന്ത്യ അറിയിച്ച ആശങ്കകളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണെന്നും കുറ്റപ്പെടുത്തി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണം പൂര്‍ണ്ണമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഇതിന് പിന്നാലെ വീണ്ടും വിശദീകരണവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രതിസന്ധി സൃഷ്ടിക്കാനോ ഉള്ള ശ്രമമില്ലെന്ന് പറയുമ്പോഴും നിജ്ജാറിന്റെ കൊലപാതകത്തെ ഗൌരവത്തോടെ കാണണമെന്നാണ് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചത്. ഇന്ത്യ-കാനഡ ബന്ധം വഷളാകുന്ന പശ്ചാത്തലത്തിലായിരുന്നു ട്രൂഡോയുടെ പ്രതികരണം. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുന്നതിനും നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാരുമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നാണ് ട്രൂഡോയുടെ വാക്കുകള്‍.

പഞ്ചാബ് മേഖലയില്‍ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹര്‍ദീപ് സിങ് ജൂണ്‍ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്‍ന്ന ഖലിസ്ഥാന്‍ നേതാക്കളില്‍ ഒരാളാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍. ഹര്‍ദീപ് സിങ് വിഘടനവാദ ഗ്രൂപ്പിനെ നയിച്ച തീവ്രവാദിയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

Post a Comment

0 Comments