ന്യൂഡൽഹി : ‘ഇന്ത്യ’ സഖ്യ ഏകോപനസമിതിയിലേക്കു പ്രതിനിധിയെ അയയ്ക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം ഉറച്ച് നില്‍ക്കുന്നത് മുന്നണിയില്‍ പ്രതിസന്ധിയായി. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യമില്ലെന്നു ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി സിപിഎമ്മിന്റെ തീരുമാനം. ഏകോപന സമിതിയിലേക്ക് വന്നാല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത് തിരിച്ചടിയാകും എന്നാണ് സിപിഎം നിലപാട്.
എന്നാല്‍ മുന്നണിയുമായി ബന്ധപ്പെട്ട പ്രചാരണം, മീഡിയ, സമൂഹമാധ്യമങ്ങളിലെ പ്രചാരണം എന്നീ സമിതികളിൽ സിപിഎം പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
സിപിഎം തീരുമാനം പുനപരിശോധിക്കാന്‍ ഫോര്‍വേഡ് ബ്ലോക്ക് ആവശ്യപ്പെട്ടപ്പോള്‍ ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സിപിഎമ്മിനുണ്ടെന്നാണ് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞത്.
അതേസമയം ബംഗാളിൽ തൃണമൂലുമായി തിരഞ്ഞെടുപ്പുസഖ്യമോ ധാരണയോ വേണ്ടെന്നു സിപിഎം പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. തൃണമൂലുമായി ധാരണയുണ്ടാക്കുന്നതു ബംഗാളിൽ പാർട്ടിയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുമെന്നാണു പിബി വിലയിരുത്തൽ.
0 Comments