banner

അക്സറിൻ്റെ ബാറ്റിംഗ് മികവും ഗില്ലിറ്റിൻ്റെ പോരാട്ടവും തുണയായില്ല!, തോൽവി രുചിച്ചറിഞ്ഞ് ഇന്ത്യ, ബംഗ്ലാദേശ് നേടിയത് ആറ് റൺസിന്റെ കേവല ജയം


ഏഷ്യ കപ്പിലെ അവസാന സൂപ്പര്‍ ഫോർ പോരാട്ടത്തിൽ തോൽവി രുചിച്ചറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിൻ്റെ 265 റൺസിനെതിരെ 259 റൺസ് മാത്രം നേടിയാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ആറ് റൺസിന്റെ കേവല ജയവുമായി ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചപ്പോള്‍ ഇന്ത്യ ഫൈനലിലേക്ക് തോൽവിയോടെ എത്തേണ്ട സാഹചര്യമാണുള്ളത്. രോഹിത് ശര്‍മ്മയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോളും മറുവശത്ത് ശുഭ്മന്‍ ഗിൽ നങ്കൂരമിട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. കെഎൽ രാഹുല്‍(19), സൂര്യകുമാര്‍ യാദവ്(26) എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യയുടെ തിരിച്ചുവരവിന് അരങ്ങൊരുക്കുവാനുള്ള ഗില്ലിൻ്റെ ശ്രമത്തിന് സഹ താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ താരത്തിന് ലഭിച്ചിരുന്നില്ല.

ഗിൽ 121 റൺസ് നേടിയ ശേഷമാണ് പുറത്തായത്. ഗിൽ പുറത്താകുമ്പോള്‍ ഇന്ത്യ 209/7 എന്ന നിലയിലായിരുന്നു. എട്ടാം വിക്കറ്റിൽ അക്സര്‍ പട്ടേൽ – ശര്‍ദ്ധുൽ താക്കൂര്‍ സഖ്യം ബാറ്റ് വീശി ലക്ഷ്യം മൂന്നോവറിൽ 31 റൺസാക്കി മാറ്റിയപ്പോള്‍ 48ാം ഓവറിൽ മെഹ്ദി ഹസനെ ഓവറിലെ അവസാന പന്തുകളിൽ ബൗണ്ടറിയും സിക്സും പറത്തി അക്സര്‍ വിജയത്തിനടുത്തെത്തിച്ചു. ഇതോടെ ലക്ഷ്യം 12 പന്തിൽ 17 ആയി കുറഞ്ഞു. നാൽപത്തിയൊൻപതാം ഓവറിലെ ആദ്യ പന്തിൽ മുസ്തഫിസുര്‍ ശര്‍ദ്ധുൽ താക്കൂറിനെ പുറത്താക്കിയപ്പോള്‍ അക്സര്‍ പട്ടേല്‍ ഒരു ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ 42 റൺസ് നേടിയ താരത്തെയും മുസ്തഫിസുര്‍ വീഴ്ത്തി. ഒരു വിക്കറ്റ് മാത്രം അവശേഷിക്കുമ്പോള്‍ അവസാന ഓവറിൽ ഇന്ത്യ 12 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ഇന്ത്യയുടെ ഇന്നിംഗ്സ് 49.5 ഓവറിൽ അവസാനിക്കുമ്പോള്‍ 6 റൺസിന്റെ വിജയം ആണ് ബംഗ്ലാദേശ് നേടിയത്. ടീമിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും ഷാക്കിബ് അൽ ഹസന്‍ രണ്ടും വിക്കറ്റ് നേടി. മഹേദി ഹസന് 2 വിക്കറ്റ് ലഭിച്ചു.

إرسال تعليق

0 تعليقات