തിരുവനന്തപുരം : ഐ.ജി. പി വിജയനെതിരേയുള്ള സസ്പെൻഷൻ പിൻവലിക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സസ്പെൻഷൻ പുന:പരിശോധന സമിതിയുടെ ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിൽ. രണ്ടാഴ്ചയ്ക്ക് മുമ്പ് റിവ്യൂ സമിതി മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയെങ്കിലും പുതുപള്ളി തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു രാഷ്ട്രീയ തീരുമാനം. ചീഫ് സെക്രട്ടറിയാണ് റിവ്യൂസമിതി അധ്യക്ഷൻ. പോലീസിസിന്റെ രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തുവെന്ന ഗൗരവ കുറ്റം ചുമത്തിയുള്ള സസ്പെൻഷൻ ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ, സംഭവവുമായി ബന്ധമില്ലെന്നു വിജയനടക്കമുള്ള സഹപ്രവർത്തകർ ചൂണ്ടി കാണിച്ചെങ്കിലും സർക്കാർ അനങ്ങിയില്ല, നടപടി തുടരുകയായിരുന്നു.
അതേ സമയം വിജയനെതിരായ വകുപ്പുതല അന്വേഷണം തുടരും. വരുന്ന ജനുവരിൽ എ.ഡി.ജി.പി പദവി വിജയന് ലഭിക്കേണ്ടതായിരുന്നു. സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ തലവനായി വിജയനെ നിയമിച്ചേക്കും. ഉത്തരമേഖല ഐ.ജിയായി പരിഗണിക്കുന്ന വേളയിലായിരുന്നു വിജയൻ്റെ സസ്പെൻഷൻ. സസ്പെൻഷൻ റിവ്യൂ സമിതി, വിജയൻ്റെ അച്ചടക്ക നടപടിക്ക് ആധാരമായ ഡി.ജി.പി: കെ.പത്മകുമാർ, എ.ഡി.ജി.പി: എം.ആർ.അജിത് കുമാർ എന്നിവരുടെ റിപ്പോർട്ടുകൾ വിശദമായി വിലയിരുത്തി. അച്ചടക്ക നടപടിയുടെ കാലവധി അവസാനിച്ചതിനാൽ സസ്പെൻഷൻ തുടരേണ്ട കാര്യമില്ലെന്നായിരുന്നു സമിതി വിലയിരുത്തൽ. സസ്പെൻഷൻ റദ്ദാക്കിക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നു സമിതി ചൂണ്ടിക്കാട്ടുന്നു.
എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ പ്രതിയുടെ റൂട്ട്മാപ്പ് മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തത് ഐ.ജി: വിജയനാണെന്നു ആരോപിച്ച് അദേഹത്തെ കഴിഞ്ഞ മെയ് 18ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. വിജയൻ്റെ സംഘാംഗങ്ങളുടെ ഫോൺ രേഖകളും പരിശോധിച്ചിരുന്നു. ക്രമസമാധാന എ.ഡി.ജി.പി: അജിത് കുമാർ റിപ്പോർട്ട് നൽകിയ ശേഷമാണ് നടപടി വന്നത്.
സസ്പെൻഷന് ആധാരമായ കാരണങ്ങൾ പി.വിജയൻ നിഷേധിച്ചിരുന്നു. സർക്കാർ നടപടിക്കെതിരേ വിജയൻ കോടതിയെ സമീപിക്കാത്തതും ഐ.പി.എസ് അസോസിയേഷൻ്റെ പിന്തുണ തേടാൻ ശ്രമിക്കാത്തതും അദ്ദേഹത്തിന് അനുകൂലമായി. ഐ.പി.എസ് അസോസിയേഷനും പ്രമേയം പാസാക്കിയില്ല. എറ്റെടുക്കുന്ന ദൗത്യങ്ങൾ എല്ലാം തന്നെ വിജയിപ്പിച്ചിട്ടുള്ള ഐ.ജി.വിജയനാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയസ്റ്റുഡന്റ്സ് പോലീസിന്റെ ശിൽപി. വിജയൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ശിപാർശ നൽകിയതായി ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചതായി സ്വകാര്യ ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
0 Comments